കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിനുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചിയെ മൂടിയ വിഷപ്പുകയ്ക്ക് ആറാം ദിവസവും ശമനമില്ല. ഇന്ന് കാഴ്ച്ച മറയ്ക്കും വിധമാണ് പുക മൂടിയിരിക്കുന്നത്. കഴിഞ്ഞദിവസത്തേക്കാൾ ഇന്ന് വിഷപ്പുക രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. ഒന്നും ചെയ്യാനില്ലാതെ കുഴങ്ങുകയാണ് അധികൃതർ. ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൊച്ചിയിൽ അവധി പ്രഖാപിച്ചിട്ടുണ്ട്. വടവുകോട്, പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും തൃക്കാക്കര, തൃപ്പുണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോർപ്പറേഷനിലുമാണ് ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകൾക്ക് ആരോഗ്യമുൻകരുതലിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മാലിന്യ കൂമ്പാരത്തിലെ തീ അണച്ചുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പുക നിയന്ത്രിക്കാൻ ഇതുവരെ സാധിക്കാത്തത് ആശങ്കാജനകമാണ്. നിരവധിപേർ ഇതിനോടകം തന്നെ ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പ്ലാന്റ് പ്രവർത്തന രഹിതമായതോടെ കൊച്ചിയിലെ മാലിന്യനീക്കം തടസ്സപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജൈവമാലിന്യം ഇന്ന് മുതൽ അമ്പലമേട്ടിൽ കിൻഫ്രയുടെ സ്ഥലത്ത് നിക്ഷേപിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനിയർ, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്.