ചാത്തന്നൂർ : കൊല്ലത്ത് സെൽഫി എടുക്കുന്നതിനിടെ വധൂവരന്മാർ 50 അടി താഴ്ചയുള്ള പാറക്കുളത്തിലേക്ക് വീണു. വിനു വി കൃഷ്ണൻ, സാന്ദ്ര എന്നിവരാണ് വിവാഹത്തിന്റെ തലേദിവസം സെൽഫി എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.ആദ്യം സാന്ദ്രയാണ് കുളത്തിലേക്ക് വീണത്.തുടർന്ന് സാന്ദ്രയെ രക്ഷിക്കുവാനായി വിനുവും പിന്നാലെ ചാടുകയായിരുന്നു.
ഇവരുടെയും ബഹളം കേട്ട് നാട്ടുകാരും ഫയർഫോഴ്സും എത്തിച്ചേർന്ന് അതിസാഹസികമായിട്ടാണ് വധൂവരന്മാരെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച പാരിപ്പള്ളി പാമ്പുറം മഹാവിഷ്ണുക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നത്. പറവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ വിനു വി കൃഷ്ണനും, കല്ലുവാതിക്കൽ പാമ്പുരം അറപ്പുര വീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകൾ സാന്ദ്ര എസ് കുമാറിന്റെയും വിവാഹമായിരുന്നു വെള്ളിയാഴ്ചത്തേക്ക് നിശ്ചയിച്ചത്.
വീഴ്ചയിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ സാന്ദ്രയ്ക്ക് മൂന്നു മാസത്തെ പൂർണവിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ മൂന്നു മാസത്തിനു ശേഷം പൂർണമായ ആരോഗ്യവതി ആയതിനു ശേഷം വിവാഹം നടത്തിയാൽ മതിയെന്ന് ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വധുവിന്റെ വീട്ടിൽ സ്വീകരണ സൽക്കാരങ്ങൾക്കുള്ള അവസാന ഘട്ടങ്ങൾ നടക്കുന്നതിനിടയിൽ ആയിരുന്നു വധൂവരന്മാർ പാറക്കുളത്തിന്റെ കരയിൽ പോയത്.
50 അടി ആഴമുള്ള പാറക്കുളത്തിലേക്ക് സാന്ദ്ര കാൽ വഴുതി വീഴുകയായിരുന്നു. സാന്ദ്രയെ രക്ഷിക്കുവാനായി വിനു ചാടി എങ്കിലും കരയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന് ഇവരെ കരയിലെത്തിക്കുകയും ഉടൻ തന്നെ പാരപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

