Saturday, May 18, 2024
spot_img

ബാറ്റ് കൊണ്ട് ശോഭിച്ചു ; പക്ഷേ പെരുമാറ്റം അതിര് വിട്ടു ; സൂര്യകുമാർ യാദവിനെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടിയ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും മോശം പെരുമാറ്റത്തിന്റെ പേരിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്. പുറത്തായതിനു പിന്നാലെ ഗ്രൗണ്ടിൽ അസഭ്യ വാക്കു പ്രയോഗിച്ചതാണ് താരത്തിന് തിരിച്ചടിയായത്. 29 പന്തിൽ 55 റൺസെടുത്താണു സൂര്യകുമാർ യാദവ് പുറത്തായത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 16–ാം ഓവറിൽ ഫൈന്‍ ലെഗിലേക്ക് സ്കൂപ്പ് ചെയ്ത സൂര്യയുടെ ഷോട്ട് സന്ദീപ് ശർമ തകർപ്പൻ ഡൈവിങ്ങിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

പന്ത് ബൗണ്ടറിയിലെത്തുമെന്ന് ഏവരും കരുതിയ നിമിഷമാണ് 20 മീറ്ററോളം ഓടി സന്ദീപ് ശർമ ക്യാച്ചെടുത്തത്. അപ്രതീക്ഷിതമായ പുറത്താകലിൽ നിരാശനായി മടങ്ങുന്നതിനിടെയായിരുന്നു സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലും രൂക്ഷവിമർശനമാണ് ഉയരുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 62 പന്തുകളിൽ നിന്ന് 124 റൺസെടുത്ത യശസ്വി ജയ്സ്‍വാളിന്റെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് അടിച്ചെങ്കിലും മുംബൈ വിജയത്തിലെത്തി.

മറുപടി ബാറ്റിങ്ങിൽ മുംബൈ 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 14 പന്തില്‍ 45 റണ്‍സടിച്ച ടിം ഡേവിഡാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ജേസൺ ഹോൾഡർ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ മൂന്നു പന്തും സിക്സർ പറത്തിയാണ് ടിം ഡേവിഡ് മുംബൈയെ വിജയത്തിലെത്തിച്ചത്.

Related Articles

Latest Articles