Friday, May 17, 2024
spot_img

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തും

ദില്ലി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ദില്ലിയിൽ വച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണ്ണായകമായ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, നയതന്ത്രം, സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ഇരു രാഷ്ട്രതലവന്മാരും ചർച്ച നടത്തുക. യുക്രൈൻ റഷ്യ യുദ്ധത്തെക്കുറിച്ചും ഇരുവരും ചർച്ച നടത്തും. തുടർന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അതിന് ശേഷം രാജ്ഘട്ടില്‍ ബോറിസ് ജോണ്‍സണ്‍ പുഷ്പചക്രവും സമര്‍പ്പിക്കും.

ഇന്നലെയാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. ഇന്നലെ ഗുജറാത്തില്‍ നടന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ബോറിസ് ജോൺസണെ വൻ സ്വീകാര്യതയോടെയാണ് ഇന്ത്യ വരവേറ്റത്. വിമാനത്താവളം മുതൽ ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങളുമായി ആയിരക്കണക്കിന് കലാകാരൻമാരെ അണിനിരത്തി.

തുടർന്ന് സബർമതി ആശ്രമത്തിലെത്തിയ ബോറിസ് ജോൺസൺ ചർക്കയിൽ നൂൽ നൂറ്റു. ആശ്രമ അധികൃതർ ഗാന്ധിജി രചിച്ച ഗൈഡ് ടു ലണ്ടൻ എന്ന പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നാലെ വ്യവസായി ഗൗതം അദാനിയുമായി അദാനി ഗ്രൂപ്പിന്‍റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.

ബ്രിട്ടണിന്റെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയിലും ബോറിസ് ജോൺസൻ സന്ദർശനം നടത്തി. ഇന്ത്യയുമായി മറ്റൊരു സ്വതന്ത്ര വ്യാപാരക്കരാറിൽ ഈ വർഷം തന്നെ ഒപ്പിടാൻ സാധ്യയുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Related Articles

Latest Articles