ലണ്ടന്‍: ബ്രെക്സിറ്റ് വിഷയത്തില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കണ്‍സര്‍വേറ്റീവ് എംപിമാരുടെ യോഗത്തില്‍ രാജിക്കാര്യം അറിയിച്ചേക്കുമെന്നാണ് വിവരം. ബ്രെക്സിറ്റ് വിഷയം പ്രധാനമന്ത്രി തെരേസ മേയില്‍ നിന്നു നിയന്ത്രണം പാര്‍ലമെന്റ് ഏറ്റെടുത്തതോടെ രാജിക്കായുള്ള സമ്മര്‍ദ്ദം ഉയരുകയായിരുന്നു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ ഇനി തീരുമാനമെടുക്കുന്നതു സര്‍ക്കാരല്ല, പാര്‍ലമെന്റായിരിക്കുമെന്ന പ്രമേയം 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പാസ്സായിരുന്നു. പ്രമേയത്തെ എതിര്‍ത്ത് 302 പേരും അനുകൂലിച്ച് 329 പേരും വോട്ടു ചെയ്തു. തീരുമാനത്തില്‍ പ്രതിഷേധിച്ച് 3 മന്ത്രിമാര്‍ രാജിവച്ചു. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ മേ കാബിനറ്റില്‍നിന്നു രാജിവച്ച മന്ത്രിമാരുടെ എണ്ണം 22 ആയി.

