Friday, October 2, 2026

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആറ് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് പിടികൂടി: സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ രാജ്യത്തേക്ക് തിരിച്ചയച്ചു

ദില്ലി: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശികളുടെ ശ്രമം തകർത്തെറിഞ്ഞ് ബിഎസ്എഫ്. നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറ് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് ശനിയാഴ്ച പിടികൂടി അയൽ രാജ്യത്തിന്റെ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്തോ- ബംഗ്ലാ അതിർത്തിയിലെ രംഘാട്ട്, ജീത്പൂർ അതിർത്തി മേഖലയിലൂടെയാണ് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിൽ സ്ത്രീകളും കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നു. അർദ്ധരാത്രി പട്രോളിംഗ് നടത്തുന്ന ബിഎസ് എഫ് സംഘമാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടത്. ഇതോടെ ബിഎസ്എഫ് അവരെ തടയുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, ഇവരിൽ ചിലർ തങ്ങളുടെ ബന്ധുക്കളെ കാണാൻ ഇന്ത്യയിലേക്ക് വരുന്നതായും മറ്റു ചിലർ ജോലി അന്വേഷിച്ചു വരികയാണെന്നും ബിഎസ്എഫ് പറഞ്ഞു. മാത്രമല്ല ഇന്ത്യയിൽ ജീവിക്കാൻ ആണ് താത്പര്യമെന്നും ഇവർ പറഞ്ഞതായി ബിഎസ്എഫ് വ്യക്തമാക്കി.

അതേസമയം ചോദ്യം ചെയ്യലിന് ശേഷം പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ച് അയച്ചു. നോർത്ത് 24 പർഗനാസ് ജില്ലാതിർത്തിയിൽ ഇവരെ ബംഗ്ലാദേശ് ബോർഡർ ഗാർഡിംഗ് ഫോഴ്‌സിന് കൈമാറുകയായിരുന്നു.

Related Articles

Latest Articles