കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ നിന്ന് ഒഴിപ്പിച്ച കടകൾ പൊളിച്ച് നീക്കുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പോലീസ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. എന്നാൽ, യാതൊരു മുന്നറിയിപ്പും നല്‍കാതെ വന്‍ പോലീസ് സന്നാഹവുമായാണ് കെടിഡിഎഫ്സി അധികൃതർ കടകൾ ഒഴിപ്പിക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് പൊളിച്ച് നീക്കലും നടന്നത്.
അതേസമയം വൻ സുരക്ഷയോടെയാണ് പോലീസ് നടപടി. കെട്ടിടം മൊത്തമായി അലിഫ് ബില്‍ഡേഴ്സിന് വാടകയ്ക്ക് എടുക്കുന്നതിന് മുന്‍പേ സ്റ്റാന്‍ഡില്‍ കച്ചവടം നടത്തുന്നവരെയാണ് ഒഴിപ്പിച്ചത്. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച് കടയുടമകൾ കുത്തിയിരിപ്പ് സമരം നടത്തിയെങ്കിലും പോലീസ് അതൊന്നും കൂട്ടാക്കിയില്ല.
കെഎസ്ആർടിസി ബസ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കലിനെതിരെ കടയുടമകൾ നല്‍കിയ ഹർജി ജില്ലാ കോടതി കഴിഞ്ഞദിവസം തീർപ്പാക്കിയിരുന്നു. ഉത്തരവിന്റെ പകർപ്പ് അടുത്ത ദിവസം ലഭിക്കാനിരിക്കെ പോലീസ് നേരത്തെയെത്തി കടകളൊഴിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. അറ്റകുറ്റപണികൾ നടത്തിയ ശേഷം വീണ്ടും കടകൾ തുറക്കാം എന്ന നിലപാടാണ് കെടിഡിഎഫ്സി സ്വീകരിക്കുന്നത്.

