Thursday, May 16, 2024
spot_img

BSF-ന്റെ ആദ്യ വനിതാ സ്‌നൈപ്പർ!ചരിത്രത്തിലേക്ക് നടന്ന് കയറി സുമന്‍ കുമാരി

BSF-ന്റെ ആദ്യ വനിതാ സ്‌നൈപ്പറായി പരിശീലനം പൂർത്തിയാക്കി ഹിമാചൽ പ്രദേശ് സ്വദേശിനിസുമന്‍ കുമാരി. ഇൻഡോറിലെ സെന്‍ട്രല്‍ സ്‌കൂള്‍ ഓഫ് വെപണ്‍സ് ആന്‍ഡ് ടാക്ടിക്‌സില്‍ നിന്ന് ബിഎസ്എഫ് സ്‌നൈപ്പര്‍ കോഴ്‌സില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് നേടുന്ന ആദ്യ വനിത കൂടിയാണ് സുമന്‍ കുമാരി. സ്‌നൈപ്പര്‍ പരിശീലകയാകാനുള്ള യോഗ്യതയും സുമന്‍ നേടി.കമാന്‍ഡോ പരിശീലനത്തിനുശേഷമുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ പരിശീലനമായാണ് സ്‌നൈപ്പര്‍ പരിശീലനം കണക്കാക്കപ്പെടുന്നത്.

2021 ലാണ് സുമൻ ബിഎസ്എഫില്‍ അംഗമാകുന്നത്. പഞ്ചാബില്‍ ഒരു പ്ലാറ്റൂണിന് നേതൃത്വം നല്‍കി വരുന്നതിനിടെയാണ് അതിര്‍ത്തിക്കപ്പുറത്തുനിന്ന് സ്‌നൈപ്പര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച് അറിയാനിടയായത്. തുടർന്ന് സ്‌നൈപ്പര്‍ പരിശീലനം നേടണമെന്ന് തീരുമാനിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് അനുമതി തേടി. സുമന്റെ നിശ്ചയദാര്‍ഢ്യവും ആഗ്രഹവും തിരിച്ചറിഞ്ഞ മേലുദ്യോഗസ്ഥര്‍ സ്‌നൈപ്പര്‍ പരിശീലനത്തിന് അനുമതി നല്‍കി.

“56 പുരുഷസൈനികര്‍ക്കിടയില്‍ ഒരേയൊരു വനിതയായിരുന്നു സുമന്‍. ഓരോ പ്രവര്‍ത്തനങ്ങളിലും സുമന്‍ അദ്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. കൂടുതല്‍ വനിതകള്‍ സ്‌നൈപ്പര്‍ പരിശീലത്തിനെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ട്രെയിനികള്‍ക്ക് ആല്‍ഫ, ബ്രാവോ ഗ്രേഡുകളാണ് സാധാരണ ലഭിക്കുന്നത്. എന്നാല്‍ സുമന്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡിനായുള്ള പ്രത്യേക സ്‌ക്രീനിങ് വിജയകരമായി പൂര്‍ത്തിയാക്കി”- സിഎസ്ഡബ്ല്യുടി ഐജി ഭാസ്‌കര്‍ സിങ് റാവത്ത് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ഹിമാചല്‍പ്രദേശിലെ മാണ്ഡി സ്വദേശിയാണ് സുമന്‍. സുമന്റെ പിതാവ് ഇലക്ട്രീഷ്യനും മാതാവ് വീട്ടമ്മയുമാണ്.

Related Articles

Latest Articles