Monday, April 29, 2024
spot_img

പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ! വിശദ വിവരങ്ങൾ ഇന്ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ പുറത്ത് വിടുമെന്ന് പോലീസ്

തിരുവനന്തപുരം : നഗരഹൃദയത്തിലെ പേട്ടയിൽ നിന്ന് അന്യസംസ്ഥാനക്കാരിയായ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. ഇന്ന് പുലർച്ച കൊല്ലത്ത് നിന്നാണ് പ്രതി വലയിലായത് എന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇന്ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ പോലീസ് ഉദ്യോഗസ്ഥർ പുറത്ത് വിടും. പ്രതിക്കെതിരെ സമാനക്കേസുകൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ അമർദീപ്–റബീന ദേവി ദമ്പതികളുടെ കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.

സംഭവ ദിവസം രാത്രി 10 മണിക്കുശേഷമാണ് കഴിഞ്ഞ രാത്രി പെൺകുട്ടിയുടെ കുടുംബം ഉറങ്ങാൻ കിടന്നത്. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്. 12 മണിക്കുശേഷം അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലായത്. തൊട്ടടുത്ത് മൂന്ന് സഹോദരങ്ങൾ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവ് റോഡിലേക്കിറങ്ങി തിരച്ചിൽ നടത്തി. തൊട്ടടുത്ത് രാത്രിയിൽ തുറന്നിരിക്കുന്ന കടയിൽ എത്തി വിവരം പറഞ്ഞു. കടക്കാരുടെ നിർദേശമനുസരിച്ച് തുടർന്ന് പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു . തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന കുടുംബം ഹൈദരാബാദിൽനിന്ന് തലസ്ഥാനത്തെത്തിയത്.

ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. കഴിഞ്ഞ രണ്ടുദിവസമായി പ്രതിക്കു പിന്നാലെയായിരുന്നു അന്വേഷണസംഘം. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വാർത്താസമ്മേളനം നടത്തുന്നത് വരെ പ്രതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞതോടെ ഇയാൾ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെയാണ് ഓടയിൽ ഉപേക്ഷിച്ചത്. കുട്ടിയെ ഉപേക്ഷിച്ചു കളയാനുള്ള മറ്റൊരു സാഹചര്യം കൂടി ഉണ്ടായിട്ടുണ്ടെന്നും അത് എന്താണെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles