Monday, April 29, 2024
spot_img

ബിഎസ്എൻഎൽ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതികളിലൊരാളായ ഷീജ കുമാരി അഞ്ചുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം : ഇരുന്നൂറിലേറെ കോടി രൂപയുടെ ബിഎസ്എൻഎൽ എൻജിനീയറിങ് സഹകരണസംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളിലൊരാളായ ഷീജ കുമാരിയെ (47) കൂടുതൽ അന്വേഷണത്തിനായി അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ വ്യാപ്തിയും നിക്ഷേപങ്ങളുടെ ഉറവിടവും കണ്ടെത്താനാകൂ എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഷീജാകുമാരിയെ ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണുവാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.

സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ ഗോപിനാഥൻ നായരുടെ കൂട്ടാളിയായിരുന്നു ഷീജാകുമാരി. ഇയാൾ സംഘത്തിൽനിന്നു തട്ടിയെടുത്ത കോടിക്കണക്കിനു രൂപ ഷീജാകുമാരിയുടെ പേരിൽ വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനും വസ്തുക്കൾ വാങ്ങാനുമാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകളിൽ മുപ്പതിലധികം വസ്തുവകകൾ ഷീജാകുമാരിയുടെ പേരിൽ റജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളും, കൊല്ലത്തെ കെ.എൽ.ഫിനാൻസ്, സായി ബിൽഡേഴ്സ് എന്നീ സ്ഥാപനങ്ങളും ഷീജകുമാരിയുടെ പേരിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അനേഷണത്തിൽ തെളിഞ്ഞു.

ഒളിവിൽ പോയ ഗോപിനാഥൻനായർ ഒടുവിൽ കഴിഞ്ഞിരുന്നത് ഷീജാകുമാരിയുടെ കൊല്ലത്തെ വീട്ടിലായിരുന്നു. ഇവരുടെ കൊല്ലത്തെ ധനകാര്യ സ്ഥാപനങ്ങളിലും വീട്ടിലും നടത്തിയ റെയ്ഡിലാണ് വൻ നിക്ഷേപത്തിന്റെ രേഖകൾ ക്രൈംബ്രാഞ്ചിനു ലഭിച്ചത്.

Related Articles

Latest Articles