ദില്ലി : പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലും മൊബൈല്‍ ഫോൺ നിര്‍മാതാക്കളായ കാർബണും നിര്‍ണായക കരാറില്‍ ഒപ്പുവച്ചു. ബിഎസ്എന്‍എല്ലിന്റെ 4ജി സിം സ്ലോട്ടോടെയുള്ള ഫീച്ചർ ഫോൺ നിർമ്മിക്കാനാണ് കാര്‍ബണുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ജിയോയുടെ ഫീച്ചര്‍ ഫോണുകളായ ജിയോഭാരത് ഫോണുകള്‍ക്ക് ബദലായിട്ടാകും ബിഎസ്എന്‍എല്‍ പങ്കാളിത്തത്തോടെയുള്ള കാര്‍ബണ്‍ ഫോണ്‍ എന്നതാണ് വിവരം. ഗ്രാമീണ മേഖലയില്‍ 4ജി സൗകര്യങ്ങളോടെയുള്ള ഫീച്ചര്‍ ഫോണിന് സ്വീകാര്യത ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം. സാമ്പത്തികമായി ഏറെ ഗുണമുള്ള 4ജി കണക്റ്റിവിറ്റി രാജ്യമെമ്പാടും നല്‍കാനാണ് ഇരു കമ്പനികളും വിഭാവം ചെയ്യുന്നത് എന്ന് ബിഎസ്എന്‍എല്‍ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
രാജ്യത്ത് ഏറ്റവും അവസാനം 4ജിയിലേക്ക് മാറിയ നെറ്റ്വര്‍ക്കാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 5 ജിയിൽ സേവനം ലഭ്യമാക്കി തുടങ്ങിയപ്പോഴാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് കടന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യയിലാണ് 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ വിന്യസിക്കുന്നത്.

