Monday, May 20, 2024
spot_img

നീലക്കടലായി ബ്യൂണസ് ഐറിസ്;
വിജയാഘോഷത്തിൽ പങ്കെടുത്തത് 50 ലക്ഷത്തിലധികം ആരാധകർ
ആഹ്ളാദം പരകോടിയിൽ

ബ്യൂണസ് ഐറിസ്: 36 വര്‍ഷത്തെ സ്വപ്നം പൂവണിഞ്ഞതിന്റെ ആഹ്ളാദം പ്രകടിപ്പിക്കാൻ അർജന്റീനിയൻ ജനത; രാജ്യ തലസ്ഥാനത്തേക്ക് ഒഴുകിയെത്തി.രാജ്യം കിരീടത്തിൽ ചുംബിച്ച നിമിഷം മുതല്‍ തുടങ്ങിയ ആഘോഷം… എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്നറിയാതെ ചിലര്‍ പോസ്റ്റില്‍ വലിഞ്ഞുകയറി. ചിലര്‍ തുള്ളിച്ചാടി. ചില നൃത്തംവച്ചു ചിലര്‍ പൊട്ടിക്കരഞ്ഞു.ഇടതടവില്ലാതെ ഇത് തുടർന്നത് രണ്ടു ദിവസത്തോളമാണ്!!

മെസ്സിയും സംഘവും കനകകിരീടവുമായി പുലര്‍ച്ചെ രണ്ടരയോടെ വിമാനമിറങ്ങിയപ്പോൾ ജനം ആർത്തിരമ്പി.ഈ ഒരു നിമിഷത്തിനായി രാജ്യം കാത്തിരുന്നത് മൂന്നു പതിറ്റാണ്ടാണ്. കൈയ്യടികളോടെ തങ്ങളുടെ അഭിമാന താരങ്ങളെ രാജ്യം വരവേറ്റു. പിന്നീട് നടന്നത് ഒരു പക്ഷേ ലോകം കണ്ട ഏറ്റവും വലിയ മഹാസമ്മേളനമായിരുന്നു.

അര്‍ജന്റീനയുടെ ആകെ ജനസംഖ്യയുടെ പത്തിലൊന്നും തങ്ങളുടെ അഭിമാന താരങ്ങളെ ഒരു നോക്കുകാണുവാൻ അവിടെ സന്നിഹിതരായി . കിരീടവുമായി തുറന്ന ബസ്സിലായിരുന്നു താരങ്ങളുടെ നഗരപ്രദക്ഷിണം. ഇതിനിടെ ആവേശം അതിരുവിട്ടപ്പോള്‍ പാലത്തില്‍ നിന്ന് രണ്ട് പേര്‍ താരങ്ങളുടെ ബസ്സിലേക്ക് ചാടി. ഒരാള്‍ താരങ്ങള്‍ക്കിടയില്‍ വന്നുവീണു. ലക്ഷ്യം തെറ്റിയ ആൾ വീണത് ജനങ്ങള്‍ക്ക് മുകളിലേക്ക്. മുന്നോട്ട് നീങ്ങാനാവാതെ കിരീടവുമായുള്ള താരങ്ങളുടെ പ്രദക്ഷിണം നിലച്ചു. അപ്പോഴും കിലോ മീറ്ററോളം ആളുകള്‍ അവരെ കാത്തുനില്‍ക്കുന്നു. മറ്റൊരു വഴിയുമില്ലാതെ ബസ്സിലെ യാത്ര ഉപേക്ഷിച്ചു.

താരങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് തുടര്‍ന്നുള്ള നഗരപ്രദക്ഷിണം ഹെലികോപ്ടറിലാക്കി. കപ്പുമായി താരങ്ങള്‍ ഹെലികോപ്ടറിലിരുന്ന് ജനങ്ങളുടെ പിന്തുണക്ക് നന്ദി പറഞ്ഞു. അപ്പോഴും പ്രധാന പാതകളിലൂടെ ജനം ഒഴുകുകയായിരുന്നു. ജീവിതത്തില്‍ ഏറ്റവും മികച്ച നിമിഷങ്ങള്‍ കണ്ട സംതൃപ്തിയിലായിരുന്നു പലരും.

Related Articles

Latest Articles