Friday, April 26, 2024
spot_img

ബഫർ സോൺ: സർക്കാർ കേന്ദ്രത്തിൽ സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും.
ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കുമെന്ന് സൂചന . പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഭൂപടം അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. നിർദേശ പ്രകാരം തയ്യാറാക്കിയ ഭൂപടം പ്രസിദ്ധീകരിക്കാനാണ് ബഫർ സോൺ വിഷയത്തിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം.

ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധികവിവരങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ അവസരം നൽകും. അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അവ നൽകാം. വനം വകുപ്പിന് നേരിട്ടും നൽകാവുന്നതാണ്. അധിക വിവരങ്ങൾ ലഭ്യമാക്കാനുള്ള സമയം ജനുവരി ഏഴ് വരെ ദീർഘിപ്പിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്താൻ പഞ്ചായത്ത് തലത്തിൽ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും. സുപ്രീം കോടതിയിൽ വിവരങ്ങൾ കൈമാറാനുള്ള തീയതി നീട്ടി കിട്ടാൻ അപേക്ഷ നൽകാനും യോഗത്തിൽ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീരൻ, ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles