Friday, May 17, 2024
spot_img

300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ കൊണ്ട് തകർത്തു; രാജസ്ഥാനിൽ കനത്ത പ്രതിഷേധം; അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ

ദില്ലി: രാജസ്ഥാനിലെ ആൾവാറിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആൾവാറിലെ സരായ് മൊഹല്ലയിലായിരുന്നു ബുൾഡോസർ ഉപയോഗിച്ച് ക്ഷേത്രം ഇടിച്ചു നിരത്തിയത്. ബുൾഡോസർ ഉപയോഗിച്ച് ക്ഷേത്രം തകർത്ത ശേഷം വിഗ്രഹങ്ങൾ ഇളക്കി മാറ്റുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ രൂക്ഷ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. തുടർന്ന് വിഷയത്തിൽ ബിജെപി രാജ്ഗഢ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വികസനത്തിന്റെ പേരിൽ പുരാതനമായ ഹിന്ദു ക്ഷേത്രം തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

എന്നാൽ പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെ, അൽവാറിലെ രാജ്ഗഡിലെ മൂന്ന് ക്ഷേത്രങ്ങൾ അധികൃതർ പൊളിച്ചുമാറ്റി. ഈ ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിരുന്ന ശിവന്റെയും ഹനുമാന്റെയും മറ്റ് ദേവതകളുടെയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. നടപടിക്രമങ്ങൾക്കിടെ, വിഗ്രഹങ്ങൾക്ക് സമീപം ഉദ്യോഗസ്ഥർ ചെരുപ്പ് ധരിച്ച് വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ കട്ടർ മെഷീൻ ഉപയോഗിക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സംഘടനാ അംഗങ്ങൾ രാജ്ഗഡിലെ പോലീസ് സ്റ്റേഷനിലെത്തി.

അതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ ബിജെപി അഞ്ചംഗ സമിതിയെയും നിയോഗിച്ചു. ജഹാംഗിർപുരിയിലും കരൗളിയിലും മുതലക്കണ്ണീർ പൊഴിച്ച കപടമതേതരവാദികൾ ഇപ്പോൾ എവിടെയെന്ന് വിശ്വ ഹിന്ദു പരിഷത്ത് ചോദിച്ചു. ജഹാംഗിർപുരിലും കരൗളിയിലും അനധികൃത കൈയ്യേറ്റങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾ പൊളിച്ച് മാറ്റിയപ്പോൾ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിരുന്നു.

എന്നാൽ ബിജെപി കള്ളം പറയുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി അംഗമായ രാജ്ഗഡ് അർബൻ ബോഡീസ് ബോർഡ് ചെയർമാന്റെ സമ്മതത്തോടെയാണ് ക്ഷേത്രങ്ങളും വീടുകളും ഇടിക്കാൻ തുടങ്ങിയതെന്ന് രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു. ഏപ്രിൽ ആറിന് കൈയേറ്റം നീക്കുന്നതുമായി ബന്ധപ്പെട്ട് 86 പേർക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles