മനാമ:ഭാരതത്തിന്റെയും കേരളത്തിന്റെയും അഭിമാനം വാനോളമുയർത്തിയ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ ജി ബാബുരാജന് ലോകമെമ്പാടുമുള്ള മലയാളികൾ ആശംസകളും അഭിനന്ദനങ്ങളും ചൊരിയുകയാണ്.അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ആശംസാക്കുറിപ്പ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നു.കെ ജി ബാബുരാജന്റെ ആത്മാർത്ഥ സുഹൃത്തും സഹോദരതുല്യനുമായ പി വി രാധാകൃഷ്ണപിള്ളയുടെ കുറിപ്പാണു ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിക്കുന്നത്.ഇദ്ദേഹവും പ്രവാസി സമ്മാൻ ജേതാവും, ബഹ്‌റൈനിലെ കേരളസമാജം അധ്യക്ഷനും,ഒപ്പം,സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ സജീവമായ ,സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചുകൊണ്ടിരിക്കുന്ന മഹത് വ്യക്തിയാണ്.ബഹ്‌റൈൻ ഭരണമന്ത്രാലയത്തിലെ എഞ്ചിനീയറിംഗ് / സാങ്കേതിക വിഭാഗത്തിന്റെ മേധാവി കൂടിയാണ് പി വി രാധാകൃഷ്ണ പിള്ള.അദ്ദേഹം കെ ജി ബാബുരാജനെ കുറിച്ച് എഴുതിയ കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.
പ്രിയപ്പെട്ടവരേ…ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അതിരറ്റ ആഹ്ലാദം നൽകിയ ദിവസമാണ് 2021 ജനുവരി 9. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കെ ജി ബാബുരാജൻ “പ്രവാസി ഭാരതീയ സമ്മാൻ ” അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത കേട്ടു സന്തോഷിക്കാത്ത മലയാളികളുണ്ടാവില്ല. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന കോടിക്കണക്കിനു ഇന്ത്യൻ വംശജരിൽ നിന്നാണ് രണ്ടുവർഷത്തിലൊരിക്കൽ 29 പേരെ ഈ അവാർഡിനായി ഭാരത സർക്കാർ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻവംശജർ ഭരിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികൾ, വ്യവസായ പ്രമുഖർ, എഴുത്തുകാർ, സാമൂഹ്യപ്രവർത്തകർ ഒക്കെ ഇതിനായി പരിഗണിക്കപ്പെടും. ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിൽ രൂപീകരിക്കപ്പെടുന്ന ഒരു ഹൈ ലെവൽ കമ്മിറ്റിയാണ് പ്രധാനമന്ത്രിയുടെ അനുമതിയോടെ പുരസ്‌കാരത്തി ന്നർഹരായവരെ തെരഞ്ഞെടുക്കുന്നത്.
കെ ജി ബാബുരാജിന് ഞാനുമായി 45 വർഷങ്ങളുടെ ബന്ധമുണ്ട്. കൃത്യമായി പറഞ്ഞാൽ 1975 -ൽ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (CET) പഠനം തുടങ്ങുന്ന കാലം മുതൽ പരസ്പരം അറിയാം. ഞാൻ പ്രീഡിഗ്രി കഴിഞ്ഞും ബാബു ഡിഗ്രി കഴിഞ്ഞുമാണ് CET യിൽ എത്തിയത്.അദ്ദേഹം ഡേ സ്കോളറും ഞാൻ ഹോസ്റ്റൽ അന്തേവാസിയും. തിരുവനന്തപുരം സിറ്റിയിൽ ജനിച്ചുവളർന്നവരാണ് ഡേ സ്കോളേഴ്സിൽ ൽ അധികവും . അവർക്കു അൽപ്പം തിണ്ണമിടുക്ക് കൂടുതലാണ് . പ്രത്യേകിച്ച് പേട്ട ബാച്ച് അൽപ്പം (കു)പ്രസിദ്ധരും. എന്തിനും പോരുന്നവരാണ് പേട്ടയിൽ നിന്നുള്ളവർ. റാഗിങ്ങിനു കേഴ്‌വി കേട്ട അക്കാലത്തു ഞങ്ങൾ നാട്ടിൻപുറത്തുകാർക്ക് പേട്ടബാച്ചിനെ പേടിയാണ്. പക്ഷെ പൊതുവെ സൗമ്യനും മിതഭാഷിയുമായിരുന്ന ബാബു പേട്ടയിൽ നിന്നാണ് വന്നിരുന്നതെങ്കിലും സതീർഥ്യരുടെ ആദരവ് ആദ്യം മുതൽ പിടിച്ചുപറ്റി.
1979 നു ശേഷം ബാബുവിനെ ഞാൻ കാണുന്നത് 1992 ൽ ബഹ്‌റിനിൽ വന്നതിനുശേഷമാണ്. ബാബു 1979 അവസാനം തന്നെ ഗൾഫിൽ എത്തുകയും ഒരു ദശാബ്ദത്തിനുള്ളിൽതന്നെ ബഹറിനിലെ ഏറ്റവും മിടുക്കനായ ടെക്‌നോക്രാറ്റ് ആയി പേരെടുക്കുകയു- മുണ്ടായി. ക്രമേണ അൽ ഹോട്ടി അനലിറ്റിക്കൽ സർവീസ്സസിന്റെ ജനറൽ മാനേജർ എന്ന പദവിയിലേക്കുയരുകയും, ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീയോ ടെക്നിക്കൽ കൺസൾട്ടന്റ്, പൈൽ ഫൌണ്ടേഷൻ എക്സ്പെർട്ട്, മാനേജ്‌മെന്റ് വിദഗ്ദൻ എന്നീ നിലകളിൽ സ്വന്തമായ ഒരിടം അദ്ദേഹം കരഗതമാക്കുകയും ചെയ്തു. ബഹറിനിലെ അഭിമാനസ്തംഭങ്ങളായ ഒട്ടുമിക്ക നിർമ്മിതികളിലും ഈ മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സൗദിയെയും ബഹറിനെയും ബന്ധിപ്പിക്കുന്ന 26 കി മി ദൈർഘ്യം വരുന്ന കടൽപ്പാലം , ആൽബ , എയർപോർട്ട് , ബഹ്‌റൈൻ പെട്രോളിയം കമ്പനി , ഖലീഫ പോർട്ട്, സിറ്റി സെന്റർ, വേൾഡ് ട്രേഡ് സെന്റർ, ഫിനാൻഷ്യൽ ഹാർബർ,അസംഖ്യം പാലങ്ങൾ, മറ്റ് അംബര ചുംബികളായ കെട്ടിട്ടങ്ങൾ – എല്ലാറ്റിലും ഈ CET ക്കാരന്റെ സാങ്കേതിക വൈദഗ്ദ്യം പ്രകടമാണ്.
ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകളാണു ബാബുവിനെ പ്രവാസിഭാരതീയസമ്മാനിനു അർഹനാക്കിയത്. അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതക്ക് ഞാനും ബഹ്‌റൈൻ കേരളീയസമാജവും ഉത്തമസാക്ഷി. 2006-07 കാലഘട്ടം. പുതിയ സമാജം കെട്ടിടത്തിന്റെ പണി നടക്കുന്നു. അന്ന് ബാബു സാമ്പത്തികമായി ഇന്നത്തെ അത്രയും സമ്പന്നനല്ല. സ്വന്തമായി ബിസിനസ് തുടങ്ങിയിട്ടുമില്ല. സമാജം കെട്ടിടം പണിയുടെ ചുമതലക്കാരൻ എന്ന നിലയിൽ, പണ്ടേ പൊതുക്കാര്യങ്ങൾക്ക് ഫണ്ട് ചോദിച്ചു വാങ്ങുന്നതിൽ ഒരു മടിയുമില്ലാതിരുന്ന ഞാൻ ബാബുവിനെ സമീപിക്കാൻ തീരുമാനിച്ചു. അക്കാലത്തു പൊതുരംഗത്ത് അത്ര സജീവമല്ലാതിരുന്ന അദ്ദേഹത്തിൽ നിന്ന് വലിയ സംഭാവനയൊന്നും ആരും പ്രതീക്ഷിച്ചില്ല. BD 250 ൽ കൂടുതൽ കൂടുതൽ ബാബുവിൽ നിന്ന് വാങ്ങിച്ചെടുത്താൽ എനിക്കു ഒരു സമ്മാനം തരാം എന്നുവരെ കളിയാക്കിയ സുഹൃത്തുക്കളെയും ഞാൻ ഓർക്കുന്നു. വെല്ലുവിളി ഏറ്റെടുത്ത ഞാൻ ഓഫീസിൽ എത്തി അദ്ദേഹത്തെ കണ്ട് ആവശ്യം അവതരിപ്പിച്ചു. മറുത്തൊന്നും പറയാതെ മേശവലിപ്പിൽ നിന്നും ചെക്ക് ബുക്ക് എടുത്തു എന്നോട് എത്ര എഴുതണം എന്നു ചോദിച്ചു. സാമ്പത്തിക ബാധ്യത മൂലം സമാജംകെട്ടിടത്തിന്റെ പണി മന്ദീഭവിച്ചിരുന്ന കാലമായതുകൊണ്ടും, ആവശ്യക്കാരന് ഔചിത്യമില്ല എന്ന പൊതുപ്രമാണം പിടിവള്ളിയാക്കി, സഹപാഠി എന്ന ഒരു പരിഗണനയും കൂടാതെ ഞാൻ പറഞ്ഞു, “ബാബു ഒരു 5000 BD എഴുതു “. അന്ന് 5000 BD എന്നു പറഞ്ഞാൽ ഇന്നത്തെ 25,000 bd ക്കു തുല്യമാണ്. തന്നെയുമല്ല ഒരു ഉദ്യോഗസ്ഥൻ മാത്രമായ ബാബുവിൽ നിന്ന് ഇത്രയും വലിയ സംഭാവന പ്രതീക്ഷിച്ചതു അൽപ്പം കടന്ന കയ്യായിപ്പോയി എന്നു ചോദിച്ചുകഴിഞ്ഞപ്പോൾ എനിക്കു തോന്നുകയും ചെയ്തു. പക്ഷേ എന്നെ അതിശയിപ്പിച്ചുകൊണ്ട് ബാബു bd 5001 ന്റെ ചെക്ക് എഴുതി എന്നെ ഏൽപ്പിച്ചു. വാസ്തവത്തിൽ ബഹ്‌റൈനിലെ ഇന്ത്യക്കാർcക്ക് സ്വന്തമായി ഒരു സംസ്കാരിക കേന്ദ്രം നിർമ്മിക്കുവാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്കു അദ്ദേഹത്തിന്റെ ഈ സംഭാവന പകർന്നു നൽകിയ ഊർജ്ജം പറഞ്ഞറിയിക്കാവുന്നതല്ല.
ബാബു സാങ്കേതികരംഗത്തു വളർന്നു കൊണ്ടേയിരിക്കുന്നു . ബഹ്‌റൈന്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ഇന്ത്യക്കാരൻ എന്ന നിലയിൽ അദ്ദേഹം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. ഒരു സംരംഭകൻ എന്ന നിലയിലും ബാബു ഇതിനകം വളർന്നു. ജിയോ ടെക്നിക്കൽ മേഖലയിൽ അദ്ദേഹം സ്ഥാപിച്ച QEL എന്ന വ്യവസായസംരംഭം ഇതിനകം ഖത്തറിലും ബഹ്‌റൈനിലുമായി 500 ലധികം സാങ്കേതിക വിദഗ്ദന്മാർ മാത്രം ജോലി ചെയ്യുന്ന സ്ഥാപനമായി വളർന്നു കഴിഞ്ഞു.
സഹജീവികളോടുള്ള ദീനാനുകമ്പയും, പലവിധ ദുരിതങ്ങളിൽ പെടുന്നവരെ സഹായിക്കാനുള്ള മനോഭാവവും, സർവ്വോപരി സാമൂഹ്യപ്രതിബദ്ധതയുമാണ് ബാബുരാജിനെ വ്യത്യസ്തനാക്കുന്നത്. കേരളം അഭിമുഖീകരിച്ച വെള്ളപ്പൊക്ക സമയത്തും, ഇപ്പോഴത്തെ കോവിഡ് കാലത്തും ബാബുവിന്റെ സഹായങ്ങൾ ലഭിച്ചവർ നിരവധിയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓഡിറ്റോറിയം നിർമ്മിക്കുവാൻ നൽകിയ സഹായത്തിനുപരി 250 പേർക്കിരിക്കാവുന്ന ഒരു മിനി കോൺഫറൻസ് ഹാൾ bd 20,000(ഏകദേശം 40 ലക്ഷം രൂപ )ചിലവു ചെയ്തു അദ്ദേഹം പണിഞ്ഞു നൽകുകയുണ്ടായി. കെ ജി ബാബുരാജൻ ഹാൾ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രസ്തുത ഹാൾ മലയാളം ക്‌ളാസുകൾ, സെമിനാറുകൾ, ചിത്രപ്രദർശനം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികൾക്കായി ഇന്ത്യൻ സമൂഹം ഉപയോഗിക്കുന്നു.
വിദ്യാഭ്യാസം ചെയ്‌തും വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടും സാമൂഹ്യ പുരോഗതി കൈവരിക്കണമെന്ന ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രദ്ധിക്കുന്ന ബാബുരാജൻ വർക്കല ശിവഗിരി തീർത്ഥാടനസമിതിയുടെ ചെയർമാൻ കൂടിയാണ്. ശിവഗിരി ആശ്രമത്തിന്റെ പുതിയ അഡ്മിൻ ബ്ലോക്ക്, മറ്റ് വികസനപ്രവർത്തനങ്ങൾ – എല്ലാറ്റിലും ഈ ശ്രീനാരായണീയന്റെ പിൻബലമുണ്ട്.
ബാബുരാജിന്റെ കുടുംബാംഗങ്ങൾ എല്ലാവരും വിദ്യാസമ്പന്നരാണ്. ഭാര്യ ദിൽറാണി CET യിൽ നിന്ന് ബിരുദം നേടിയ ആർക്കിടെക്ട് ആണ്. മകൻ രജത് ബാബുരാജൻ സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ജിയോടെക്നിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി ഖത്തറിൽ വ്യവസായം നടത്തുന്നു. മരുമകൾ ഡോ. ഐശ്വര്യ ചെന്നൈയിൽ എംഡി വിദ്യാർത്ഥിനിയാണ് . മകൾ ഡോ. രമ്യ റേഡിയോളജിയിൽ എംഡി നേടിയിട്ട് ഫെല്ലോഷിപ്പിന് ശ്രമിക്കുന്നു.മരുമകൻ ഡോ. അബിൻ ദുബായിൽ പീഡിയാട്രിഷ്യനായി ജോലി ചെയ്യുന്നു.
നാലു പതിറ്റാണ്ടു കാലത്തെ തന്റെ അനുഭവജ്ഞാനം കേരളത്തിന്റെ വളർച്ചക്ക് എങ്ങനെ ഉപയോഗിക്കാം എന്ന ആലോചനയിലാണ് ബാബു. തിരുവനന്തപുരം കേന്ദ്രമാക്കി ജിയോ ടെക്നിക്കൽ കോൺസൾട്ടൻസിയും ടെസ്റ്റിംഗ് ലാബും റിസർച്ച് സെന്ററും സ്ഥാപിക്കാൻ അദ്ദേഹത്തിനു പദ്ധതിയുണ്ട്. വലിയ പാലങ്ങൾ, ഫ്ലൈ ഓവറുകൾ, ബഹുനില കെട്ടിട്ടങ്ങൾ തുടങ്ങി സിവിൽ എഞ്ചിനീയറിങ്ങിലെ വിവിധ മേഖലകളിൽ അന്താരാഷ്ട്രപ്രശസ്തനായ ബാബുരാജിനെ പോലുള്ളവരുടെ സഹായവും ഉപദേശവും സ്വീകരിക്കാൻ കേരളസർക്കാരും എഞ്ചിനീയർമാരുടെ സമൂഹവും തയ്യാറായാൽ പാലാരിവട്ടം പോലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കില്ല.
ബാബുരാജിന് സ്നേഹനിർഭരമായ ആശംസകൾ!!!

