Sunday, October 4, 2026

ആക്രമണത്തില്‍ സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സി ഒ ടി നസീര്‍

കോഴിക്കോട്: തലശ്ശേരിയില്‍ വച്ച് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രാദേശിക സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീര്‍. തന്നെ ആക്രമിക്കാനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരില്‍ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സി ഒ ടി നസീര്‍ പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ വെറും പാര്‍ട്ടി അന്വേഷണം കൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉള്‍പ്പെടെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പൊലീസ് ശരിയായ ദിശയില്‍ അന്വേഷണം നടത്തണമെന്നും സി ഒ ടി നസീര്‍ പറഞ്ഞു.

വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച എം വി ജയരാജനും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനും സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുവരുടെയും വാദങ്ങളെ തള്ളിക്കൊണ്ടാണ് താന്‍ ആക്രമിക്കപ്പെട്ടതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് സി ഒ ടി നസീര്‍ വ്യക്തമാക്കിയിരിക്കുന്നത്.

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീറിന് റീപോളിംഗ് ദിവസമാണ് വെട്ടേറ്റത്. വൈകുന്നേരം 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീര്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Related Articles

Latest Articles