Sunday, May 26, 2024
spot_img

“സിംഹങ്ങൾക്ക് അക്ബർ, സീത എന്നിങ്ങനെ പേരിട്ടത് ശരിയായില്ല !നായക്ക് നിങ്ങൾ ദൈവങ്ങളുടെ പേരിടുമോ ?”- സിംഹവിവാദത്തിൽ രൂക്ഷവിമർശനവുമായി കൽക്കട്ട ഹൈക്കോടതി ; പേര് മാറ്റി വിവാദം ഒഴിവാക്കാൻ സർക്കാരിന് നിർദേശം

ദില്ലി: സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൽക്കട്ട ഹൈക്കോടതി.സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് നിരീക്ഷിച്ച കോടതി മൃഗങ്ങൾക്ക് ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് ചോദിച്ചു. പേര് മാറ്റി വിവാദം ഒഴിവാക്കാനും കോടതി ഉപദേശിച്ചു.അതേസമയം സീത, അക്ബർ എന്ന് പേര് നൽകിയത് ത്രിപുര സർക്കാരാണെന്നാണ് ബംഗാൾ സർക്കാർ വാദിച്ചത്. ഇതിൻ്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതി പ്രകാരമാണ് ബംഗാളിലേക്ക് എത്തിച്ചതെന്നും സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു

ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.” വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ? സർക്കാർ അഭിഭാഷകൻ്റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയാണ്? “- കോടതി ചോദിച്ചു. സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു

അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദ്ദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് നിർദേശം.

Related Articles

Latest Articles