തിരുവനന്തപുരം: അഞ്ചു മിനിറ്റ് വൈകിയെത്തിയതിന് യുവതിയെ പി എസ് സി പരീക്ഷഎഴുതാൻ അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. കിളിമാനൂർ സ്വദേശിനിയായ വർഷയാണ് കരമന ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷക്ക് പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചത്. ലാബ് ടെക്‌നിഷ്യൻ പരീക്ഷയാണ് ഇന്ന് രാവിലെ 08:00 മണിക്ക് വർഷ എഴുതേണ്ടിയിരുന്നത്. വെരിഫിക്കേഷൻ ഉണ്ടായിരുന്നതിനാൽ രാവിലെ 07:15 ന് ഹാജരാകാനായിരുന്നു നിർദ്ദേശം. കൃത്യം 07:15 ന് തന്നെ അധികൃതർ ഗേറ്റ് പൂട്ടുകയും 07:20 ന് എത്തിയ വർഷയെ അകത്തു കടത്താതെ പരീക്ഷയെഴുതാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂളിന് മുന്നിൽ കരഞ്ഞപേക്ഷിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത വർഷയെ കരമന പോലീസ് എത്തി സ്റ്റേഷനിൽ എത്തിച്ച് സാന്ത്വനിപ്പിക്കുകയും വീട്ടിലേക്ക് തിരികെ അയക്കുകയും ചെയ്‌തു.
കിളിമാനൂർ സ്വദേശിയായ വർഷ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് പരീക്ഷക്കെത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ ബസ് ബ്രേക്ക് ഡൗൺ ആയതോടെയാണ് പ്രതീക്ഷിച്ച സമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ സാധിക്കാത്തത്. വലിയ പ്രതീക്ഷയോടെ എത്തിയ പരീക്ഷ എഴുതാൻ സാധിക്കാത്തതിൽ താൻ അസ്വസ്ഥയാണെന്നും, അഞ്ചു മിനിറ്റ് താമസിച്ചെത്തിയ തന്നോട് സർക്കാർ അനീതി കാട്ടിയെന്നും, സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ പോലും പ്രവേശനം അനുവദിക്കാൻ സ്കൂൾ അധികൃതരോട് അപേക്ഷിച്ചിട്ടും പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ നിരാശയുണ്ടെന്നും വർഷ തത്വമയി ന്യൂസിനോട് പറഞ്ഞു.

