ആലപ്പുഴ: ഇത് നമ്പർ വൺ കേരളത്തിലെ ആലപ്പുഴയിലെ ബസ് സ്റ്റാൻഡ് ആണ്.വികസനം എന്ന് നാഴികയ്ക്ക് നാല്പത് വട്ടവും ഉരുവിടുമ്പോൾ നേതാക്കന്മാർ കാണാതെ പോയ അല്ലെങ്കിൽ കണ്ടിട്ടും കാണാത്ത മട്ടിൽ ഒഴിവാക്കിയ ചിലയിടങ്ങൾ ഇന്നും പുരോഗതിയുടെ ഏഴ് അയലത്ത് പോലും എത്താതെ നിൽക്കുന്നുണ്ട്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാതെ ആലപ്പുഴ സ്റ്റാൻഡിലെത്തുന്നവർ നട്ടംതിരിയുകയാണ്.മഴക്കാലമായാൽ മുട്ടോളം വെള്ളം കയറും.ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു വിധത്തിലുള്ള നടപടികളും അധികൃതർ സ്വീകരിച്ചില്ല.വോട്ട് ചോദിക്കാൻ മാത്രം ജനങ്ങളിലേക്ക് എത്തുന്ന നേതാക്കന്മാരെ പിന്നീട് കാണുക മന്ത്രിസഭയിലാണ്.
ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ സന്ധ്യയായാൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. സ്റ്റാൻഡിനുള്ളിൽ പൊലീസ് ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും പൊലീസിന്റെ സേവനമില്ല. ആളില്ലാതെ പൊലീസ് ഔട്ട് പോസ്റ്റ് കെട്ടിടവും കസേരയുൾപ്പെടെയുള്ള ഉപകരണങ്ങളും പൊടിപിടിച്ച് നശിക്കുകയാണ്.ബസ് സ്റ്റാൻഡ് പരിസരം കാടുകയറിയ നിലയിലാണ്. ഇവിടെ നിന്ന് ഇഴജന്തുക്കളടക്കം സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് നിത്യസംഭവമാണ്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കെട്ടിടത്തിലെ ടൈലുകൾ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കൂടാതെ തെരുവ് നായ ശല്യവും രൂക്ഷമാണ്.ഇത്തരത്തിൽ യാതൊരുവിധത്തിലുള്ള പുരോഗമനവും ല്ലാതെ കഴിയുന്ന നിരവധി ബസ് സ്റ്റാൻഡുകൾ കേരളത്തിലുണ്ട്.
പൊതുജനങ്ങൾക്ക് അത്യാവശ്യത്തിനുള്ള യാത്രാ മാർഗങ്ങളാണ് ബസ് സ്റ്റാൻഡ്.അടിസ്ഥാനമായ ആവശ്യങ്ങൾ പോലും പരിഗണിക്കാതെ കെ റെയിലിനും നാലുവരിപ്പാതയ്ക്കും വേണ്ടി നടക്കുകയല്ല ആദ്യം നേതാക്കന്മാർ ചെയ്യേണ്ടത്.വിദേശ രാജ്യങ്ങളിൽ പോയി കേരളത്തിൽ മാതൃകാ ഭരണമെന്ന് ഘോര ഘോരം പ്രസംഗിച്ചത് കൊണ്ട് മാത്രം കാര്യമില്ല.മാതൃകാപരമായി അല്ലങ്കിലും ചൂണ്ടിക്കാണിക്കാനെങ്കിലും ജനങളുടെ അടിസ്ഥാന ആവശ്യങ്ങൾ എങ്കിലും കേരള സർക്കാർ നിറവേറ്റണം.

