തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പിഎം ശ്രീ പദ്ധതിയിൽ നിന്ന് മുന്നണി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുൻ സർക്കാർ ഒപ്പുവെച്ച സുപ്രധാന പദ്ധതിയാണിതെന്നും അതിനാൽ കരാറിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ സാധിക്കില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. ഏതെല്ലാം വിദ്യാലയങ്ങളിലാണ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും, വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം അന്തിമ നിലപാടിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അടൂർ പ്രകാശ്. സംസ്ഥാനത്തിന് അനുയോജ്യമായ മദ്യനയം രൂപീകരിക്കുന്നതിനായി യുഡിഎഫ് പ്രത്യേക ഉപസമിതിയെ നിയോഗിക്കും. ഉപസമിതിയുടെ സമഗ്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം സർക്കാരിനെ അറിയിക്കുക. തുടർന്ന് മുന്നണി നിർദ്ദേശങ്ങൾക്ക് അനുസൃതമായ നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും, വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ഇതോടൊപ്പം എൽഡിഎഫ് ഭരണകാലത്ത് ബോർഡുകളിലും കോർപ്പറേഷനുകളിലും നിയമിക്കപ്പെട്ട ഭാരവാഹികൾ തങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങൾ സ്വയം രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. യുഡിഎഫ് യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങളും വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് കൺവീനർ മാദ്ധ്യമങ്ങളെ അറിയിച്ചു.

