Monday, October 26, 2026

വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം !! ഹൈക്കോടതിയെ സമീപിച്ച് ടി.ഐ. മധുസൂദനൻ

കൊച്ചി: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാജിതനായ സ്ഥാനാർത്ഥി ടി.ഐ. മധുസൂദനൻ സമർപ്പിച്ച ഹർജിയിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തനിക്കെതിരെ ദുരുദ്ദേശ്യപരമായ വ്യാജ പ്രചാരണങ്ങൾ നടത്തിയാണ് കുഞ്ഞികൃഷ്ണൻ തെഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് ആരോപിച്ചാണ് ടി.ഐ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ചത്.

താൻ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്ത ആളാണെന്ന തരത്തിൽ യാതൊരു തെളിവുകളോ രേഖകളോ ഇല്ലാതെയാണ് വി. കുഞ്ഞികൃഷ്ണൻ പ്രചാരണം നടത്തിയതെന്ന് മധുസൂദനൻ ഹർജിയിൽ ആരോപിക്കുന്നു. പൊതുവേദികളിലെ പ്രസംഗങ്ങളിലൂടെ താൻ കളങ്കിതനാണെന്ന് വരുത്തിതീർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും മനഃപൂർവ്വം ശ്രമം നടന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, സമർപ്പിച്ച ഹർജിയിൽ ചില സാങ്കേതിക അപാകതകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഹർജി നിയമപരമായി നിലനിൽക്കുമോ എന്ന കാര്യം കോടതി ആദ്യം പരിശോധിക്കും. വിഷയം കൂടുതൽ വാദപ്രതിവാദങ്ങൾക്കായി കോടതി പിന്നീട് പരിഗണിക്കും.

Related Articles

Latest Articles