Tuesday, May 7, 2024
spot_img

തള്ളാനും വയ്യ, പോകാനും വയ്യ, മുസ്ലിം ലീഗും രംഗത്ത് വന്നതോടെ കോൺഗ്രസ് വെട്ടിൽ !

രാമക്ഷേത്ര ഉദ്ഘാടനത്തിനായി കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ച കോൺഗ്രസ് ശരിക്കും വെട്ടിലായിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങിലേക്ക് ദേശീയനേതൃത്വത്തിന് ലഭിച്ച ക്ഷണം തള്ളാതെ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചതോടെ, ശരിക്കും പെട്ടത് കേരളത്തിലെ കോൺഗ്രസുകാരാണ്. ന്യൂനപക്ഷ വോട്ടുകൾ വിധി നിർണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഷയം ഉയർന്നത്, കോൺഗ്രസിനെ തകർത്തു കളയാൻ പോന്ന വജ്രായുധമാണെന്ന് നേതാക്കൾക്ക് ബോധ്യമുണ്ട്. എന്നാൽ ഹിന്ദി ഹൃദയഭൂമിയിലെ വികാരവും നേതാക്കളുടെ ആവശ്യവും കണക്കിലെടുത്ത് ക്ഷണം തള്ളാനുമാകാത്ത അവസ്ഥയിലാണ് ഹൈക്കമാൻഡ്. ഇതോടെ ഹൈക്കമാൻഡ് നിലപാടിലെ ആശയക്കുഴപ്പവും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ക്ഷണം കിട്ടിയതിന് പിന്നാലെ പങ്കെടുക്കാനില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കിയതോടെയാണ്, കെപിസിസി പ്രതിരോധത്തിലായത്. കൂടാതെ, സമസ്ത അടക്കം കോൺഗ്രസിന് മുന്നറിയുപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കോൺഗ്രസ്, ഈ വിഷയത്തിൽ നിലപാടില്ലാത്ത അവസ്ഥയിലാണ്. അതേസമയം, ബിജെപി അജണ്ടയിൽ വീഴരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കൂടി രംഗത്തെത്തിയോടെ, കോൺഗ്രസിനു മേൽ സമ്മർദം കനപ്പെടുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വിശേഷിച്ചും, രാമക്ഷേത്ര വിഷയത്തിൽ സംസ്ഥാനത്ത് തങ്ങൾ അകപ്പെട്ട രാഷ്ട്രീയക്കുരുക്ക് ചൂണ്ടിക്കാട്ടിയും, ആശങ്ക നിരത്തിയും മുതിർന്ന നേതാക്കൾ ഹൈക്കമാന്റിനെ സമീപിച്ചിട്ടുണ്ട്. അനുകൂല സമീപനമാണ് കെപിസിസി പ്രതീക്ഷിക്കുന്നത്. അതേസമയം, ഇതിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ് നേതാക്കൾ. യഥാസമയം കൃത്യമായ മറുപടി കിട്ടുമെന്ന പ്രതികരണമാണ് കെ.സി. വേണുഗോപാലിൽ നിന്നുണ്ടായത്. പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ താനില്ലെന്ന് കൂട്ടിച്ചേർത്ത് അദ്ദേഹം ചോദ്യങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണ്. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൃത്യമായ മറുപടിയില്ല. തനിക്കറിയില്ല, താനീ വിവരം അറിഞ്ഞിട്ടില്ല. ദേശീയ തലത്തിലാണ് അതിനെക്കുറിച്ച് തീരുമാനം പറയേണ്ടതെന്ന് സതീശനും പറഞ്ഞൊഴിഞ്ഞു.

അതേസമയം, രണ്ടിനും സാധ്യത കൽപിക്കും വിധമായിരുന്നു AICC അംഗം കൂടിയായ ശശി തരൂരിന്റെ പ്രതികരണം. പാർട്ടിയിൽ നാലഞ്ചുപേരെയേ ക്ഷണിച്ചിട്ടുള്ളൂ. ക്ഷണിച്ചവർക്കേ പോകാനാകൂ എന്നും ആർക്കാണ് ക്ഷണം കിട്ടിയത്, അവർ തീരുമാനിക്കട്ടെ. തനിക്ക് ക്ഷണം കിട്ടിയിട്ടില്ല എന്നായിരുന്നു തരൂരിന്റെ മറുപടി. എന്തായാലും, തരൂരിന്റെ വാക്കുകളിലും ആശയക്കുഴപ്പം പ്രകടമാണ്. അതേസമയം, സമസ്ത പോലൊരു സംഘടന നൽകിയ മുന്നറിയിപ്പും, കോൺഗ്രസിന് അവഗണിക്കാൻ സാധിക്കില്ല. ഉദ്ഘാടന പരിപാടിക്കായി ക്ഷണം ലഭിച്ച ഉടനടി നിരസിച്ച സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി, സീതാറാം യെച്ചൂരിയുടെ ആർജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്നാണ്, സംഘടനയുടെ മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നത്. അതേസമയം, ഇന്ത്യാ മുന്നണയിൽ നിന്നും കോൺഗ്രസിന് മേൽ സമ്മർദ്ദമുണ്ട്. കാരണം, ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യ മുന്നണിയിൽ ആദ്യം നിലപാട് വ്യക്തമാക്കിയത് ഇടത് പാർട്ടികൾ ആയിരുന്നു. മതപരമായ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നു എന്ന് സിപിഎം പോളിറ്റ് ബ്യൂറോയും സിപിഐയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ആർ.ജെ.ഡി തീരുമാനം ലാലു പ്രസാദ് യാദവും ജെഡിയു നിലപാട് നിതീഷ് കുമാറും തൃണമൂൽ കോൺഗ്രസിന്റെ നിലപാട് മമത ബാനർജിയും വ്യക്തമാക്കിയത്. NCP നേതാവ് ശരദ് പവാറിന് ഇത് വരെ ക്ഷണം ലഭിച്ചിട്ടില്ല. സമാജ്വാദി പാർട്ടിയേ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ബിജെപി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് സോണിയാ ഗാന്ധി, മന്മോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ലഭിച്ച ക്ഷണത്തെ കോൺഗ്രസ് അനുഭാവപൂർവം പരിഗണിക്കുന്നത്. ഈ നിലപാട് അംഗീകരിക്കാൻ ഇന്ത്യ മുന്നണിയിലെ മിക്ക പാർട്ടികൾക്കും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിന്മാറണം എന്നാണ് സഖ്യ കക്ഷികളുടെ നിലപാട്. പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തിൽ സമാന ആവശ്യം ഉന്നയിച്ച് സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതേസമയം, നേരത്തെ സോണിയാ ഗാന്ധിയോ, പ്രതിനിധിയോ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച കോൺഗ്രസ് നേതാക്കൾ, ഇപ്പൊൾ മൗനം പാലിക്കുകയാണ്.

Related Articles

Latest Articles