കൊച്ചി: പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ സി ജെ യേശുദാസൻ (Yesudasan) അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിതനായി ആഴ്ചകൾക്ക് മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അന്ത്യം. കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ പ്രമുഖനായിരുന്നു യേശുദാസന്‍.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവാണ് യേശുദാസന്‍. അരനൂറ്റാണ്ടിലേറെ മാധ്യമ മേഖലയിൽ സജീവമായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനും, കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനുമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ഹാസ്യ സിനിമയായ കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം സിനിമയ്ക്ക് സംഭാഷണം രചിച്ചതും യേശുദാസനാണ്.
രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തെ പ്രശസ്‌ത കാർട്ടൂണിസ്റ്റുകളിലൊരാളാണ്. മികച്ച കാർട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാർഡ് പലവട്ടം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

