Thursday, May 16, 2024
spot_img

ഇത് ചരിത്രം: ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം; റഷ്യന്‍ സംഘം അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലെത്തി

മോസ്കോ: സിനിമ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ നടിയും സംവിധായകനും അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലെത്തി. കസാക്കിസ്താനില്‍ റഷ്യ നടത്തുന്ന ബൈക്കോണര്‍ കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് എം.എസ്-19 പേടകത്തിലാണ് ഇന്ത്യന്‍ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്. മൂന്നു മണിക്കൂര്‍ 17 മിനുട്ട് കൊണ്ട് പേടകം ബഹിരാകാശ നിലയത്തിലെത്തി.

റോസ്‌കോസ്മോസിന്റെ സോയുസ് എം.എസ്.-19 വാഹനമാണ് കസാഖ്‌സ്താനിലെ ബൈകനൂരിൽനിന്ന് മൂവരെയും ബഹിരാകാശത്തേക്ക് കൊണ്ടുപോയത്. ചിത്രീകരണം പൂർത്തിയാക്കി 12 ദിവസത്തിനുശേഷം ഇവർ ഭൂമിയിലേക്ക് മടങ്ങും. മാസങ്ങളായുള്ള പരിശീലനത്തിനൊടുവിലാണ് ഖസാഖിസ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് സംഘം യാത്ര തിരിച്ചത്.

നടി യൂലിയ പെരെസിൽഡ്, സംവിധായകൻ ക്ലിം ഷിപെങ്കോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്ലെറോവ് എന്നിവരാണ് സംഘത്തിലുള്ളത്. ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാൻ വനിതാ സർജനെ അയക്കുന്ന കഥ പ്രമേയമാക്കിയുള്ള ‘ചാലഞ്ച് ’ എന്ന സിനിമയ്ക്കാണ് യഥാർഥ ബഹിരാകാശനിലയം വേദിയാവുക.

അതേസമയം പ്രശസ്ത നടന്‍ ടോം ക്രൂയിസിനെ സിനിമാ ഷൂട്ടിങ്ങിനായി ഒക്ടോബറില്‍ ഐ.എസ്.എസില്‍ എത്തിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഈലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഏജന്‍സിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles