Tuesday, April 23, 2024
spot_img

സ്ത്രീത്വത്തെ അപമാനിച്ചു; ജി.സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്

സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. സുധാകരന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായ സ്ത്രീ നൽകിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. കേസിൽ മാർച്ച് 29 ന് കോടതിയിൽ ഹാജരാവണമെന്ന് കാണിച്ച് ജി.സുധാകരന് കോടതി സമൻസ് അയച്ചു.

2016 ൽ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു സംസാരിച്ചു എന്ന പരാതിയിലാണ് ഇപ്പോൾ കോടതി ഇടപെട്ട് കേസ് രജിസ്റ്റർ ചെയ്യിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേർത്ത് കേസെടുക്കാനാണ് പൊലീസിനോട് കോടതി നിർദേശിച്ചിരിക്കുന്നത്.

2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണ‍ന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയില്‍ പറഞ്ഞത്. അന്ന് സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി തന്‍റെ മുന്‍പേഴ്സണല്‍ സ്റ്റാഫ് അംഗം കൂടിയായ വനിതക്കെതിരെ മന്ത്രി മോശമായി സംസാരിച്ചു എന്നാണ് ആരോപണം. സിപിഎം മുൻപ്രാദേശിക നേതാവ് കൂടിയായ ഇവരെ സംഭവത്തിന് ശേഷം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

Related Articles

Latest Articles