Monday, April 29, 2024
spot_img

കോടതിയിടപെട്ട ഗൗരവമേറിയ കേസിൽ നിന്നും കേരളാ പോലീസ് അതി വിദഗ്‌ധമായി ഊരിയെടുത്തു; തെളിവില്ലെന്നും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാനും പരാതിക്കാരന് നിർദ്ദേശം; വിവാദ കശ്‌മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെയുള്ള കേസ് അവസാനിപ്പിച്ച് പോലീസ്

തിരുവനന്തപുരം: വിവാദ കശ്‌മീർ പരാമർശത്തിൽ കെ ടി ജലീൽ എം എൽ എക്കെതിരായ എടുത്ത കേസ് അവസാനിപ്പിച്ച് പോലീസ്. തെളിവില്ലെന്നും ഇനിയും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാനുമാണ് പരാതിക്കാരന് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. തിരുവല്ല കോടതിയുടെ നിർദ്ദേശപ്രകാരമാണ് കീഴ്‌വായ്പ്പൂർ പോലീസ് കേസെടുത്തിരുന്നത്. ആർ എസ് എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ ആണ് പരാതിക്കാരൻ. പോലീസ് നടപടി അനീതിയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു. കലാപാഹ്വാനത്തിനുളള വകുപ്പ് ചുമത്തിയ കേസിലാണ് പൊലീസിന്റെ പിന്മാറ്റം.

2022 ആഗസ്റ്റിലാണ് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാദ പരാമർശം നടത്തിയത്. പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീരെ’ ന്ന് വിശേഷിപ്പിച്ച ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും പാക് അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം. എന്നാൽ ‘പഷ്തൂണു’ കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്. രാജ്യത്തിന്റെ അഖണ്ഡതയെ സംബന്ധിക്കുന്ന നിലപാടിനെ ചോദ്യം ചെയ്യുംവിധമായിരുന്നു എം എൽ എ യുടെ പോസ്റ്റ്. ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ടായിരുന്നു. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. പോസ്റ്റിലെ രാജ്യവിരുദ്ധത തത്വമയി ന്യൂസ് ആണ് ആദ്യം പുറത്തുകൊണ്ടുവന്നത്. തുടർന്ന് ദേശീയ മാദ്ധ്യമങ്ങൾ അടക്കം വിഷയം ചർച്ച ചെയ്‌തിരുന്നു. പരാതികൾ നിരവധി ഉയർന്നെങ്കിലും ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് കോടതി ഇടപെടലിനെ തുടർന്നെടുത്ത കേസ്സാണ് ഇപ്പോൾ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അവസാനിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles