Saturday, May 4, 2024
spot_img

ഗാസ അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചു പിടിച്ചെന്ന് ഇസ്രായേൽ സേന; കണ്ടെടുത്തത് 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ; ഈജിപ്റ്റ് അതിർത്തി വഴി ഒഴിഞ്ഞു പോകാൻ ജനങ്ങൾക്ക് നിർദ്ദേശം

ഇസ്രായേൽ പലസ്‌തീൻ സംഘർഷങ്ങളുടെ മൂന്നാം നാൾ ഗാസാ അതിർത്തി പ്രദേശങ്ങൾ തിരിച്ചുപിടിച്ച് ഇസ്രായേൽ സേന. 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സേന അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച റോക്കറ്റ് ആക്രമണത്തോടൊപ്പം ഈ മേഖലയിൽ ഹമാസ് ഭീകരർ വൻതോതിൽ നുഴഞ്ഞു കയറിയിരുന്നു. ഇസ്രായേൽ പൗരന്മാരെയും സൈനികരെയും അവർ വെടിവച്ചു കൊല്ലുകയും ബന്ദികളാക്കുകയും ചെയ്‌തിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകിയ ഇസ്രായേൽ സേന പലസ്‌തീൻ കേന്ദ്രങ്ങളിൽ കടുത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് ഇപ്പോൾ പലസ്‌തീൻ ഭാഗത്ത് വലിയ ആൾനാശമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ രാത്രിയില്‍ ഹമാസിന്റേയും മറ്റു പലസ്തീന്‍ സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകര്‍ത്തതായി ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. എന്നാല്‍ നുഴഞ്ഞു കയറ്റത്തിന് ഈ മാര്‍ഗം മാത്രമല്ല ഹമാസ് ഉപയോഗപ്പെടുത്തിയതെന്ന് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച കടല്‍ വഴിയും പാരാഗ്ലൈഡര്‍മാരുമായും ഹമാസ് സംഘം നുഴഞ്ഞുകയറിയിരുന്നു. ആ രീതികള്‍ വീണ്ടും ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, തുരങ്കങ്ങള്‍ വഴി പ്രവേശിക്കാനുള്ള സാധ്യത ഇസ്രയേല്‍ തള്ളി കളയുന്നില്ല. ഇതിനിടെ നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിന് സമീപമുള്ള എല്ലാ ഇസ്രയേല്‍ പൗരന്മാരേയും മാറ്റുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles