Sunday, May 19, 2024
spot_img

കൊവിഡ് വാക്സിന്‍ എടുത്താലും ജാഗ്രത തുടരണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പിന് കേരളം പൂര്‍ണമായിും സജ്ജമായിരിക്കുകയാണ്. എന്നാല്‍ കുത്തിവെയ്പ് എടുത്താലും ജാഗ്രത തുടരണമെന്നും, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ് കൊവിഷീല്‍ഡെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

അതേസമയം വാക്സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളം കൊവിഡ് മുക്തമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്നും, വാക്സിന്‍ വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആവശ്യമായ വാക്സിന്‍ കിട്ടിയാല്‍ ഏപ്രിലോടെ എല്ലാവര്‍ക്കും കുത്തിവെയ്പെടുക്കാന്‍ സാധിയ്ക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 133 കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ 10നാണ് വാക്‌സിന്‍ കുത്തിവെയ്പ് ആരംഭിയ്ക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ എവിടെ വാക്സിന്‍ എടുക്കാന്‍ പോകണമെന്ന് എസ്എംഎസിലൂടെ സന്ദേശമായി അറിയിക്കും. അടുത്ത ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് തുടങ്ങി വൈകിട്ട് അഞ്ചിന് വാക്‌സിനേഷന്‍ അവസാനിയ്ക്കും. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles