Friday, May 17, 2024
spot_img

ലൈഫ് മിഷൻ അഴിമതി; നാളെ ഹാജരാകാൻ ശിവശങ്കറിന് സി.ബി.ഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 10.30ന് സി.ബി.ഐ ഓഫീസിലെത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതിൽ ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് രൂപ ശിവശങ്കർ കൈപ്പറ്റിയെന്നാണ് ആരോപണം. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം.ശിവശങ്കറും ചേർന്ന് ഈ പണം വിഭജിച്ചെടുത്തതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ വിളിപ്പിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ അഴിമതിക്കേസിലെ പ്രതികളാണ്. ലൈഫ് മിഷൻ ഇടപാടിലെ കോഴ ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നെന്നും സ്വപ്ന സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്‍റെ എല്ലാ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് നീക്കം.

Related Articles

Latest Articles