Monday, April 29, 2024
spot_img

റഷ്യൻ സർക്കാരിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മനുഷ്യക്കടത്ത്: തിരുവനന്തപുരം സ്വദേശികളായ മൂന്നുപേർ പിടിയിൽ; കൂടുതൽ പ്രതികളെ തിരഞ്ഞ് തലസ്ഥാനത്ത് സിബിഐ സംഘത്തിൻറെ വ്യാപക പരിശോധന തുടരുന്നു; പണത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറെടുത്ത് തീരദേശ മാഫിയ

തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ മുതലെടുത്ത് റഷ്യൻ സർക്കാരിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ മനുഷ്യക്കടത്ത് നടത്തുന്ന സംഘം കേന്ദ്ര ഏജൻസികളുടെ വലയിൽ. മൂന്നു മലയാളികളടക്കം 19 പേർ ഇതിനോടകം ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായ മൂന്നുപേരും തിരുവനന്തപുരം സ്വദേശികളാണ്. തുമ്പ സ്വദേശികളായ ടോമി, റോബർട്ട് അരുളപ്പൻ, സജിൻ ഡിക്‌സൺ തുടങ്ങിയവരാണ് സി ബി ഐ കസ്റ്റഡിയിലുള്ളത് എന്നാണ് സൂചന. കൂടുതൽ മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് സിബിഐ സംഘം. അവർക്കായി ഇന്നലെ തലസ്ഥാന നഗരിയിൽ ട്രാവൽ ഏജൻസികൾ കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയതായും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്.

മോഹന വാഗ്‌ദാനങ്ങൾ നൽകിയാണ് റിക്രൂട്ട്മെന്റ് നടത്തിയത്. പ്രതിമാസം 1.95 ലക്ഷം രൂപ ശമ്പളവും 50000 രൂപ അലവൻസും വാഗ്‌ദാനം ചെയ്‌ത പരസ്യങ്ങൾ സമൂഹമദ്ധ്യമങ്ങളിൽ നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. റഷ്യൻ സർക്കാരിൽ ഓഫീസിൽ ജോലി, സെക്യൂരിറ്റി ജോലി, ഹെൽപ്പർ തുടങ്ങിയ ജോലികളും ജോലി ലഭിച്ച് ഒരു വർഷത്തിനുള്ളിൽ റഷ്യൻ പൗരത്വവും വാഗ്‌ദാനം ചെയ്‌തിരുന്നു. ഓരോരുത്തരിൽ നിന്നും 3 ലക്ഷം രൂപവരെ കൈപ്പറ്റിയായിരുന്നു മനുഷ്യക്കടത്ത്. എന്നാൽ റഷ്യയിൽ എത്തിയ ഉടൻ പാസ്സ്‌പോർട്ട് ഏജന്റുമാർ പിടിച്ചെടുക്കുകയും ആയുധ പരിശീലനം നൽകി റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർത്ത് യുദ്ധമുഖത്ത് എത്തിക്കുകയുമായിരുന്നു.

രണ്ട് ഇന്ത്യക്കാർ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നിരവധി ഇന്ത്യക്കാർ പരിക്കേറ്റ് ചികിത്സയിലാണ്. അനധികൃത മനുഷ്യക്കടത്തിന് ഇരയായി റഷ്യയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്റർപോളുമായി സഹകരിച്ച് സിബിഐ നടത്തുന്നുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും റഷ്യൻ അധികൃതരുമായി ചർച്ച നടത്തുകയാണ്. കേരളത്തിൽ നിന്നടക്കം നടത്തിയ മനുഷ്യക്കടത്തുകൾക്ക് പിന്നിൽ തമിഴ്‌നാട് സ്വദേശിയായ സന്തോഷ്, രാജസ്ഥാൻ സ്വദേശിയായ മുഹിയുദ്ദീൻ ചിപ്പ, റഷ്യ സ്വദേശിനിയായ ക്രിസ്റ്റീന തുടങ്ങിയ മൂവർ സംഘമാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂവരും ഇപ്പോൾ റഷ്യയിലാണ്. 2022 ഫെബ്രുവരി 24 ന് ആരംഭിച്ച യുദ്ധത്തിൽ റഷ്യൻ ഭാഗത്ത് വലിയ ആൾ നാശം ഉണ്ടായ സാഹചര്യത്തിലാണ് റഷ്യയിലേക്ക് യുദ്ധ ആവശ്യത്തിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾ സജീവമായത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഉസ്‌ബെക്കിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles