Friday, June 14, 2024
spot_img

താനൂർ കസ്റ്റഡി മരണത്തിൽ നേരറിയാൻ സിബിഐ!അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു

മലപ്പുറം : താനൂർ കസ്റ്റഡി മരണം സിബിഐ അനേഷിക്കും. അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. നേരത്തെ കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പോലീസ് മർദനവും മരണകാരണമായതായാണ് റിപ്പോർട്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളും ശ്വാസകോശത്തില്‍ നീർക്കെട്ട് ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മയക്കുമരുന്ന് ഉപയോഗത്തിന്റെ നിരവധി പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് എത്രയും പെട്ടെന്ന് ലഭിക്കണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസിനെതിരായ അന്വേഷണം പോലീസ് വിഭാഗം തന്നെ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല എന്നാണ് കുടുംബം പറയുന്നത്. മറ്റൊരു ഏജൻസിയെ കേസന്വേഷണമേൽപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് കുടുംബം നിവേദനം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ ഉൾപ്പെടെ 8 പേരെ സസ്പെന്റ് ചെയ്തിരുന്നു. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു സസ്‌പെൻഷൻ നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡിഐജി സസ്പെൻഡ് ചെയ്തത്.

മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ താമിര്‍ ജിഫ്രി (30) താനൂര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇയാളടക്കം അഞ്ചുപേരെയാണ് പുലര്‍ച്ചെ ഒന്നേകാലോടെ പോലീസ് പിടികൂടിയത്. എന്നാല്‍ പുലര്‍ച്ചെ നാലരയോടെ യുവാവ് മരിച്ചു.

Related Articles

Latest Articles