ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ സങ്കീർണമായി തുടരുന്നതിനിടെ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. അതിർത്തിയിലെ സേനാ വിന്യാസവും ഒരുക്കങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി. സൈനികരുമായി ആശയ വിനിമയം നടത്തുകയും അതിർത്തിയിലെ സൈനികരുടെ ആത്മാർത്ഥതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. നേരത്തെ കരസേനാ മേധാവിയും ഇന്ത്യ ചൈന അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. 2020 മെയിൽ ഉണ്ടായ ഗാൽവാൻ സംഘർഷങ്ങൾക്ക് ശേഷം അതിർത്തിയിൽ ഇരു രാജ്യങ്ങളുടെ സൈന്യം മുഖാമുഖം നിൽക്കുകയാണ്. മഞ്ഞുകാലത്ത് പാകിസ്ഥാൻ ചൈന അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന പതിവുണ്ട്. എന്നാൽ കാർഗിൽ യുദ്ധത്തിന് ശേഷം പാക് അതിർത്തിയിൽ നിന്നും ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈന അതിർത്തിയിൽ നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിച്ചിട്ടില്ല. ഇത്തവണയും ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നില്ല എന്ന് മാത്രമല്ല ചൈനീസ് അതിർത്തിയിൽ സൈനികരുടെ എണ്ണം വർദ്ധിപ്പിക്കുകയുമാണ്.
നയതന്ത്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഏറെ മുന്നോട്ട് പോയെങ്കിലും അതിർത്തിയിൽ ഇപ്പോഴും സ്ഥിതി സ്ഫോടനാത്മകമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിർത്തിയിൽ വലിയ പ്രകോപനം ചൈന സൃഷ്ടിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനവും കൃത്രിമ ഗ്രാമങ്ങളും ചൈന നിർമ്മിക്കുന്നുണ്ട്. വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഇന്ത്യയും അതിർത്തിയിൽ ഗ്രാമങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

