Wednesday, May 15, 2024
spot_img

”മരുന്നുകള്‍ മൂന്നിലൊന്നു വിലയ്ക്ക്, രാജ്യത്ത് മരുന്നു വാങ്ങി ആരും ദരിദ്രരാവരുത്”; ഇന്ന് നാലാമത് ജന്‍ ഔഷധി ദിനം

ദില്ലി: രാജ്യത്ത് മരുന്നു വാങ്ങി ആരും ദരിദ്രരാവരുതെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ജന്‍ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചിട്ട് ഇന്നേക്ക് നാലുവർഷം(Celebrations of the 4th Janaushadhi Diwas 2022). ജൻ ഔഷധി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ഔഷധി കേന്ദ്ര ഉടമകളുമായും, യോജനയുടെ ഗുണഭോക്താക്കളുമായും ഇന്ന് സംവദിക്കും. ഉച്ചയ്‌ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി സംവദിക്കുക. ‘ജൻ ഔഷധി-ജൻ ഉപയോഗി’ എന്നതാണ് പരിപാടിയുടെ പ്രമേയം.

മാർച്ച് 1 മുതലാണ് രാജ്യത്തുടനീളം ജൻ ഔഷധി വാരം ആഘോഷിക്കുന്നത്. ജനറിക് മരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും, ജൻ ഔഷധി യോജനയുടെ നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ജൻ ഔഷധി വാരം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി, ഈ ആഴ്ചയിൽ ജൻ ഔഷധി സങ്കൽപ് യാത്ര, മാതൃ ശക്തി സമ്മാന്, ജൻ ഔഷധി ബൽ മിത്ര, ജൻ ഔഷധി ജൻ ജാഗരൺ അഭിയാൻ, ആവോ ജൻ ഔഷധി മിത്ര ബാനേ, ജൻ ഔഷധി ജൻ ആരോഗ്യ മേള തുടങ്ങിയ വിവധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഏകദേശം 8,600ലധികം ജൻ ഔഷധി കേന്ദ്രങ്ങളാണ് എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് 7500-ാമത് ജന്‍ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഷില്ലോങ്ങില്‍ നിര്‍വ്വഹിച്ചത്. നാലഞ്ച് വര്‍ഷം മുമ്പുവരെ ഭീമമായ ചികിത്സാചെലവുകള്‍ കാരണം ദരിദ്രരാകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യ. ഇതുസംബന്ധിച്ച് കണക്ക് കുറേ മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

അതനുസരിച്ച് ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മരുന്ന് വാങ്ങി ദരിദ്രരായവരാണ്. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. കാരണം, അമിതവില കൊടുത്ത് മരുന്നുവാങ്ങാന്‍ കഴിയാത്തവര്‍ക്ക് വളരെ കുറഞ്ഞ വിലയ്ക്ക് മിക്കവാറും എല്ലാ മരുന്നുകളും ലഭ്യമാക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെല്ലായിടത്തും നടപ്പാക്കി കഴിഞ്ഞിരിക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ(പിഎംബിഐ) നടത്തുന്ന പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി കേന്ദ്രങ്ങളിലൂടെ മരുന്നുകള്‍ ലഭിക്കുന്നത് 40 ശതമാനം മുതല്‍ 85 ശതമാനം വരെ വിലക്കുറവിലാണ്. 2008ലാണ് പിഎംബിഐ ആരംഭിച്ചത്. തുടക്കത്തില്‍ ദില്ലിയിൽ മാത്രമാണ് ജന്‍ഔഷധി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്.

അവയില്‍ പലതും പൂട്ടി. ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള അപാകതയും മികച്ച ആസൂത്രണത്തിന്റെ അഭാവവുമായിരുന്നു കാരണം. എന്നാല്‍ 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇതിന് മാറ്റമുണ്ടായി. പാവപ്പെട്ടവന് കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുകയും രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്തു.

Related Articles

Latest Articles