ദില്ലി: ക്വാഡ് നേതാക്കളുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി( PM Modi In Quad Summit). യുക്രെയ്‌നിലെ സംഭവങ്ങൾ, അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉച്ചകോടിയിൽ ഊന്നിപ്പറഞ്ഞു. ഈ വർഷാവസാനം ജപ്പാനിൽ നടക്കുന്ന ഉച്ചകോടിയിൽ കൃത്യമായ ഫലങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, സഹകരണം ത്വരിതപ്പെടുത്തുന്നതിന് നേതാക്കൾ തമ്മിൽ ധാരണയായി.
അതോടൊപ്പം ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തിൽ ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. മനുഷ്യത്വം , ദുരന്ത നിവാരണം, സുസ്ഥിര കടബാധ്യത , വിതരണ ശൃംഖല, ശുദ്ധമായ ഊർജം, കണക്റ്റിവിറ്റി, ശേഷി വികസനം തുടങ്ങിയ മേഖലകളിൽ, ക്വാഡിനുള്ളിൽ മൂർത്തവും പ്രായോഗികവുമായ സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
മോദിയ്‌ക്കൊപ്പം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിൽ 2021 സെപ്റ്റംബറിലെ ക്വാഡ് ഉച്ചകോടി മുതലുള്ള ക്വാഡ് സംരംഭങ്ങളുടെ പുരോഗതിയും അവലോകനം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്ര മേഖല, പസഫിക് ദ്വീപുകൾ എന്നിവയുൾപ്പെടെ മറ്റ് കാലികമായ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. യുഎൻ ചാർട്ടർ, അന്താരാഷ്‌ട്ര നിയമങ്ങൾ, പരമാധികാരത്തോടും പ്രദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി യോഗത്തിൽ ആവർത്തിച്ചു.

