Tuesday, October 27, 2026

പ്രളയ ദുരിതാശ്വാസത്തിന് 2,117.85 കോടി രൂപയുടെ മുൻകൂർ സഹായം അനുവദിച്ച് കേന്ദ്രസർക്കാർ ; തുക ആറ് സംസ്ഥാനങ്ങൾക്ക് ലഭിക്കും

ദില്ലി : തെക്കുപടിഞ്ഞാറൻ കാലവർഷക്കെടുതി നേരിടുന്ന വിവിധ സംസ്ഥാനങ്ങൾക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ (SDRF) കേന്ദ്രവിഹിതത്തിൽ നിന്ന് 2,117.85 കോടി രൂപ മുൻകൂറായി അനുവദിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും പുനരധിവാസവും അടിയന്തരമായി ഉറപ്പാക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ തുക അനുവദിച്ചിരിക്കുന്നത്. പ്രളയസാഹചര്യം കേന്ദ്രസർക്കാർ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മൺസൂൺ ആരംഭിച്ചത് മുതൽ എൽ.ഡി.ആർ.എഫ് സംഘങ്ങളെ മുൻകൂട്ടി വിന്യസിച്ചും പ്രതിരോധ മന്ത്രാലയത്തിന്റെ സഹായം ലഭ്യമാക്കിയും കേന്ദ്രം സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പ്രളയ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി അന്തർ മന്ത്രാലയ സംഘങ്ങളെ അരുണാചൽ പ്രദേശിലേക്കും അസമിലേക്കും അയച്ചിട്ടുണ്ട്. അസമിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് രണ്ട് തവണ സംഘം സന്ദർശനം നടത്തുകയും നാഗാലാൻഡ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം അവിടെയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

പ്രളയം ബാധിച്ച ഏഴ് സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശ്, ഒഡീഷ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതത്തിന്റെ ആദ്യ ഗഡു മുൻപ് തന്നെ നൽകിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ ലഭ്യത തടസ്സപ്പെടാതിരിക്കാൻ ഹിമാചൽ പ്രദേശിനും ഒഡീഷയ്ക്കും രണ്ടാം ഗഡു തുകയാണ് ഇപ്പോൾ മുൻകൂറായി അനുവദിച്ചത്. കൂടാതെ അരുണാചൽ പ്രദേശ്, അസം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അടിയന്തര സാഹചര്യം പരിഗണിച്ച്, നിശ്ചിത രേഖാധിഷ്ഠിത നിബന്ധനകളിൽ ഇളവ് വരുത്തി ആദ്യ ഗഡു മുൻകൂറായി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

അനുവദിച്ച തുകയുടെ സംസ്ഥാനങ്ങൾ തിരിച്ചുള്ള വിവരങ്ങൾ:

ഗുജറാത്ത്: 500 കോടി രൂപ (ആദ്യ ഗഡു)
മഹാരാഷ്ട്ര: 500 കോടി രൂപ (ആദ്യ ഗഡു)
ഒഡീഷ: 500 കോടി രൂപ (രണ്ടാം ഗഡു)
അസം: 379.35 കോടി രൂപ (ആദ്യ ഗഡു)
ഹിമാചൽ പ്രദേശ്: 193.95 കോടി രൂപ (രണ്ടാം ഗഡു)
അരുണാചൽ പ്രദേശ്: 44.55 കോടി രൂപ (ആദ്യ ഗഡു)

Related Articles

Latest Articles