തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും കാരണമായ മുനമ്പം ഭൂമി തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ നിർണായക ഇടപെടൽ. മുനമ്പത്തെ വിവാദ ഭൂമി വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഉമീദ് പോർട്ടലിൽ ഏകപക്ഷീയമായി രജിസ്റ്റർ ചെയ്ത നടപടിയിൽ വിശദീകരണം തേടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനും നിയമസഭാംഗവുമായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് നൽകിയ വിശദമായ പരാതിയെത്തുടർന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി. മുനമ്പത്തെ 404 ഏക്കർ ഭൂമി ഉൾപ്പെടെയുള്ളവ വഖഫ് ബോർഡ് സ്വമേധയാ യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് (ഉമീദ്) പോർട്ടലിൽ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് കത്തയച്ചിരുന്നത്.
നിലവിലുള്ള ഉമീദ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമിയുടെ വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാനുള്ള നിയമപരമായ അധികാരം അതത് മുത്തവല്ലിക്കാണ് ഉള്ളത്. എന്നാൽ ഇത് മറികടന്ന് വഖഫ് ബോർഡ് നേരിട്ട് രജിസ്ട്രേഷൻ നടത്തിയത് അധികാരപരിധി ലംഘിക്കുന്നതും ചട്ടവിരുദ്ധവുമാണെന്ന് രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച സാങ്കേതികവും നിയമപരവുമായ ഈ വശങ്ങൾ പരിശോധിച്ച ശേഷമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വഖഫ് ബോർഡിനോട് വിശദീകരണം തേടിയത്. മുനമ്പം നിവാസികളും വിവിധ ജനകീയ കൂട്ടായ്മകളും ഉന്നയിച്ച പരാതികൾ കേന്ദ്ര സർക്കാർ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഈ നോട്ടീസെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.
മുനമ്പം നിവാസികളുടെ സ്വത്തവകാശവും ജീവിതോപാധികളും സംരക്ഷിക്കണമെന്ന നിലപാടിൽ ബിജെപി ഉറച്ചുനിൽക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം വിവിധ കോടതികളുടെ പരിഗണനയിലിരിക്കെ വഖഫ് ബോർഡ് ഏകപക്ഷീയമായി പോർട്ടലിൽ ഭൂമി ഉൾപ്പെടുത്തിയത് ഭരണപരമായി ഗുരുതരമായ തെറ്റാണ്. മുനമ്പം മാത്രമല്ല, കണ്ണൂരിലെ തളിപ്പറമ്പ് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന സമാനമായ വഖഫ് ഭൂമി തർക്കങ്ങളിലും പാർട്ടി സജീവമായി ഇടപെടും. നിയമവിരുദ്ധമായ ഇത്തരം ഭൂമി പിടിച്ചെടുക്കലുകൾക്കെതിരെ ശക്തമായ നിയമ-ഭരണപരമായ നടപടികൾ ഉറപ്പാക്കുമെന്നും യഥാർത്ഥ അവകാശികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി തുടർന്നും മുൻനിരയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

