Wednesday, May 15, 2024
spot_img

ചന്ദ്രയാൻ 3 നിർണായക ഘട്ടത്തിൽ; പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ ഇന്ന് വേർപ്പെടും; സോഫ്‌റ്റ്‌ ലാൻഡിങ്‌ 23നുതന്നെ

തിരുവനന്തപുരം: സോഫ്‌റ്റ്‌ലാൻഡിങ്ങിന്‌ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കേ, ചന്ദ്രയാൻ 3 ദൗത്യം നിർണായക ഘട്ടത്തിലേക്ക്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന നിർണായക ദൗത്യമാണ് ഇന്ന് നടക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന്‌ ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉച്ചകഴിഞ്ഞ്‌ പ്രധാന ദൗത്യം പൂർത്തിയാക്കും. പകൽ ഒന്നരയോടെ ബെംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്ക്‌ നൽകുന്ന കമാൻഡ്‌ സ്വീകരിച്ച്‌ ലാൻഡറിൽനിന്ന്‌ മൊഡ്യൂൾ വേർപെടും. ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ചായിരിക്കുമിത്‌.

തുടർന്ന്‌ ഇരുപേടകങ്ങളും കുറേ മണിക്കൂറുകൾ ഒരേ പാതയിൽ സഞ്ചരിക്കും. ഇതിനിടെ ലാൻഡറിലേയും റോവറിലേയും പരീക്ഷണ ഉപകരണങ്ങൾ, സോഫ്‌റ്റ്‌വെയർ, കാമറകൾ, സെൻസറുകൾ തുടങ്ങിയവയുടെ അവസാനവട്ട സൂക്ഷ്‌മ പരിശോധന നടക്കും. പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ സഹായത്തോടെയാകും ശാസ്‌ത്രജ്‌ഞർ പരിശോധന നടത്തുക.

വെള്ളി, ശനി ദിവസങ്ങളിൽ ലാൻഡറിലെ ലിക്വിഡ്‌ അപോജി മോട്ടോർ 33 സെക്കന്റ്‌ ജ്വലിപ്പിച്ച്‌ ലാൻഡറിനെ ചന്ദ്രന്റെ മുപ്പതുകിലോമീറ്റർ അടുത്ത്‌ എത്തിക്കും. നാലുദിവസം 30 നും 100 കിലോമീറ്ററിനുമിടയിലുള്ള ഭ്രമണപഥത്തിൽ ലാൻഡർ ചന്ദ്രനെ ചുറ്റും. 23 ന്‌ ഉച്ചകഴിയുന്നതോടെ സ്വയം നിയന്ത്രിത സംവിധാനം വഴി സോഫ്‌റ്റ്‌ ലാൻഡിങ്ങിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. മണിക്കൂറിൽ 6048 കിലോമീറ്റർ വേഗത്തിലെത്തുന്ന ലാൻഡറിനെ ത്രോട്ടബിൾ ലിക്വിഡ്‌ എൻജിൻ ജ്വലിപ്പിച്ച്‌ നിയന്ത്രിക്കും. വേഗത നിയന്ത്രിക്കുന്ന ആദ്യ പതിനഞ്ച്‌ മിനിറ്റ്‌ ഏറെ നിർണായകമാണ്‌.

സെൻസറുകളുടെയും ക്യാമറകളുടെയും സഹായത്തോടെ ലാൻഡർ സ്വയം സോഫ്‌റ്റ്‌ ലാൻഡിങ്ങിനുള്ള നിശ്ചിത സ്ഥലം തെരഞ്ഞെടുക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മൻസിനസ്‌, ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്ക്‌ മധ്യേ സമതല ഭാഗത്തായിരിക്കുമിത്‌. അതിനിടെ ബുധനാഴ്‌ച നടത്തിയ അഞ്ചാം പഥം താഴ്‌ത്തലും പൂർണ വിജയമായതായി ഐഎസ്‌ആർഒ അറിയിച്ചു. നാലുകിലോ ഇന്ധനം 28 സെക്കന്റ്‌ ജ്വലിപ്പിച്ചതോടെ പേടകം കുറഞ്ഞ ദൂരം 153 നും കൂടിയദൂരം 163 കിലോമീറ്ററുമായുള്ള പഥത്തിലേക്ക്‌ താഴ്‌ന്നു. സോഫ്‌റ്റ്‌ ലാൻഡിങ്‌ മുൻ നിശ്‌ചയപ്രകാരം നടക്കുമെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു. ഇതുവരെയുള്ള പേടകത്തിന്റെ പ്രവർത്തനങ്ങളും സഞ്ചാരവും തൃപ്‌തികരമാണ്‌. ദൗത്യം വിജയകരമാകുമെന്ന്‌ ഉറപ്പാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles