Monday, April 29, 2024
spot_img

ആരാധനാലയങ്ങളിൽ ബോംബ് സ്ഫോടനം നടത്താനും ആർ എസ്സ് എസ്സ് നേതാക്കളെ വധിക്കാനും പദ്ധതിയിട്ടു; കേന്ദ്ര ഏജൻസികൾ ഗൂഡാലോചന മണത്തറിഞ്ഞതോടെ ഭീകര സംഘം ഒളിവിൽപ്പോയി; ഐ എസ് ഭീകരവാദക്കേസിൽ നിർണ്ണായ വഴിത്തിരിവായി പ്രതി ഷിയാസിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

കൊച്ചി: കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. തൃശ്ശൂരിലും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കാളിയായതായി അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, രണ്ടാം പ്രതി നബീലിനായി അന്യസംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്.

നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ ഷിയാസ് വീടിനടുത്ത് നടന്ന ഗൂഢാലോചനയിലും, പാലക്കാട് നടന്ന സ്ഫോടന ആസൂത്രണത്തിലും പങ്കാളിയായിട്ടുണ്ട്. കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾ നടത്താനായിരുന്നു പദ്ധതി. രണ്ട് വട്ടം നടന്ന ഗൂഢാലോചനകൾക്ക് ശേഷം പദ്ധതി നടപ്പിലാക്കാൻ കഴിയാതെ വന്നതോടെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായെന്ന സംശയത്തിൽ ഒളിവിൽ പോയെന്നാണ് ഷിയാസ് സിദ്ദിഖിന്റെ മൊഴി.

അന്വേഷണ സംഘത്തിന്റെ അതീവ രഹസ്യമായ നീക്കത്തിലൂടെയായിരുന്നു ഷിയാസ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയായിരുന്നു. ഒന്നാം പ്രതി ആഷിഫാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഗൂഢാലോചനകളിൽ നാല് പേരായിരുന്നു പ്രധാനമായും ഉൾപ്പെട്ടിരുന്നത്. ആരാധനാലയങ്ങൾ ഉൾപ്പടെ ലക്ഷ്യമിട്ടിരുന്ന പ്രതികൾ കൂടുതൽ ജീവഹാനികൾ ഉണ്ടാക്കുന്ന വലിയ സ്ഫോടനങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്. ഇതിനൊപ്പം ആർഎസ്എസ് നേതാക്കളും പ്രതികളുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു.

Related Articles

Latest Articles