Monday, May 13, 2024
spot_img

ചന്ദ്രയാൻ–3 വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ ; പ്രതീക്ഷയോടെ രാജ്യവും ശാസ്ത്രലോകവും

ദില്ലി : ശാസ്ത്രലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3ന്റെ വിക്ഷേപണ തീയതി ഐഎസ്ആർഒ പ്രഖ്യാപിച്ചു. അടുത്തമാസം 13ന് ഉച്ചയ്ക്ക് 2.30 നാകും ചന്ദ്രയാൻ–3 പേടകവും വഹിച്ചുകൊണ്ട് ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റ് കുതിച്ചുയരുക. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽ നിന്നാകും വിക്ഷേപണം. 615 കോടി രൂപയാണ് മിഷന്റെ ബജറ്റായി കണക്കാക്കിയിരിക്കുന്നത്.

2019 ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിലെ പ്രഗ്യാൻ എന്ന റോവറുമാണുൾപ്പെട്ടിരുന്നത്.എന്നാൽ ലാൻഡിങ്ങിനു ഏതാനും നിമിഷങ്ങൾക്ക് മുൻപ് വിക്രം ലാൻഡർ പൊട്ടിച്ചിതറിയത് മൂലം, ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം അന്ന് നടപ്പിലായില്ല. ആ ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഐഎസ്ആർഒ ഇത്തവണ രംഗത്തിറങ്ങുന്നത്.
പുതിയ ദൗത്യത്തിൽ ഉപഗ്രഹത്തെ ഉൾപ്പെടുത്തിയിട്ടില്ല. ലാൻഡറും റോവറും ഉൾപ്പെടുന്നതാണ് പുതിയ ദൗത്യം. ആകെ 3900 കിലോഗ്രാമാണു പേടകത്തിന്റെ ഭാരം. ചന്ദ്രയാൻ 2ന്റെ ഓർബിറ്ററാകും ഉപയോഗിക്കുക.

പരിഷ്കാരങ്ങളോടെ കൂടുതൽ ശക്തമായ രീതിയിലാണു ഇത്തവണ ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിലെ വിക്രം ലാൻഡറിനേക്കാൾ കരുത്തുറ്റ കാലുകൾ ഈ ലാൻഡറിനുണ്ട്. ഇത്തവണ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ

Related Articles

Latest Articles