Tuesday, May 14, 2024
spot_img

ചരണ്‍ജീത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് അമരിന്ദര്‍ സിങ്

ചണ്ഡീഗഢ്‌: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. എസ് എസ് രണ്‍ധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുകയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് വിട്ടുനില്‍ക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രടറി ഹരീഷ് റാവത്തും പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും ചടങ്ങില്‍ പങ്കെടുത്തു. ഹരീഷ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രണ്‍ചീത് സത്യപ്രതിജ്ഞയ്‌ക്കായി എത്തിയത്. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു 58കാരനായ ചന്നി. ചംകൗര്‍ സാഹെബ് മണ്ഡലത്തിലെ എംഎല്‍എയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമരീന്ദര്‍ രാജിവെച്ചതിന്റെ ക്ഷീണം ദളിത് മുഖത്തിലൂടെ തീര്‍ക്കാനായി എന്നതാണ് കോണ്‍ഗ്രസിനുള്ള ആശ്വാസം. സിഖ് ദളിതായ ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസില്‍ നിന്നുള്ള മികച്ച നീക്കം കൂടിയാണ്. സംസ്ഥാന ജനസംഖ്യയില്‍ 33 ശതമാനത്തോളം ഈ വിഭാഗമാണ്. അവസാന നിമിഷം മാത്രമാണ് സാധ്യതയുള്ളവരുടെ പട്ടികയില്‍ പോലും ചരണ്‍ജിത്തിനെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്.

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെയോ, മുന്‍ പിസിസി അദ്ധ്യക്ഷന്‍ സുനില്‍ ജഘറോ മുഖ്യമന്ത്രിയാകുമെന്ന് ആദ്യഘട്ട ആലോചന നടന്നു. പിന്നീട് വനിതാ മുഖ്യമന്ത്രിയാകും സംസ്ഥാനത്തുണ്ടാകുക എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബികാ സോണിയുടെ പേരാണ് ഉയര്‍ന്നുകേട്ടത്. എന്നാല്‍ അംബികാ സോണി സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചു.

Related Articles

Latest Articles