Thursday, May 16, 2024
spot_img

‘ലൈസന്‍സില്ലാതെ ബൈക്ക് ഓടിച്ചതിന്‌ കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്’; ഗൃഹനാഥൻ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

കൊട്ടിയം: ഗൃഹനാഥൻ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചതിൽ പിന്നാലെയാണ് ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തി മരിച്ചത്. പള്ളിമണ്‍ കാഞ്ഞിരത്തിങ്കല്‍ രഘുസദനത്തില്‍ 55 വയസ്സുകാരനായ രഘുനാഥന്‍ പിള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

വീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ചശേഷം മുറ്റത്തിറങ്ങി രഘുനാഥന്‍ ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. മലേവയല്‍ മേലേവിള പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു.

ലൈസന്‍സില്ലാതെ ബൈക്കോടിച്ച് അപകടത്തില്‍പ്പെട്ട് സഹയാത്രികന്‍ മരിച്ച കേസില്‍ കോടതിയില്‍ ഹാജരാകാന്‍ രഘുനാഥന്‍ പിള്ളയ്ക്ക് സമന്‍സ് ലഭിച്ചിരുന്നു. അതിൽ മനംനൊന്താണ് തീകൊളുത്തിയത്.

മൂന്നുവര്‍ഷം മുന്‍പ് രഘുനാഥന്‍ പിള്ള ഓടിച്ച ബൈക്ക് മറിഞ്ഞ് പിന്‍സീറ്റിലിരുന്ന ബന്ധു മരിച്ചിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ഒരാഴ്ച മുന്‍പ് സമന്‍സ് ലഭിച്ചു. അന്നുമുതല്‍ അദ്ദേഹം ദുഃഖിതനായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്ന് മൃതദേഹ പരിശോധനയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Related Articles

Latest Articles