Thursday, April 18, 2024
spot_img

ചാത്തനെറോ സാമൂഹ്യവിരുദ്ധരോ? കല്ലുമഴയിൽ പേടിച്ചു വിറച്ചൊരു ഗ്രാമം..!

പോത്തൻകോട്: ഭീതി കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോത്തൻകോട് ചെഞ്ചേരിവിളക്കാർക്ക് ഉറക്കമില്ലായിരുന്നു. കല്ലുമഴ.അതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയത്. ഇതിനിടെ ഇത് ചാത്തനേറെന്ന പ്രചാരണവും ശക്തമായി. അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും വീണു കല്ലുകൾ. പ്രദേശമാകെ എല്ലാവരുംചേർന്ന് പരിശോധിച്ചെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല. അതേസമയം കല്ലേറിൽ ആർക്കും പരുക്കു പറ്റിയിട്ടില്ല.

സംഭവം അറിഞ്ഞ് വൻ പോലീസ് സംഘം സ്ഥലത്ത് സംഘടിച്ചു. ചാത്തനേറിന്റെ കഥയറിഞ്ഞ് നൂറുകണക്കിനുപേർ തടിച്ചു കൂടി. വലിയ പാറക്കല്ല്, കോൺ ക്രീറ്റ് – താബൂക്ക് കട്ടകൾ, കാട്ടു കല്ലുകളുമടക്കമാണ് വന്നു വീഴുന്നത്. ആദ്യം ഇത് പ്രദേശവാസികൾ കാര്യമാക്കിയിരുന്നില്ല. എന്നാൽ അടുത്ത ദിവസവും റോഡിലും സമീപ വീടുകൾക്കു മുകളിലും തുരുതുരെ കല്ലുകൾ വീണു. നാട്ടുകാരും പോലീസും ചേർന്ന് സമീപ വീടുകളിലും മരങ്ങളുടെ മുകളിലും സമീപത്തായി രണ്ടുമാസമായി അടച്ചിട്ടിരുന്ന വീടിന്റെ പരിസരവുമെല്ലാം പരിശോധിച്ചു.

ഒടുവിൽ പോലീസിന്റെ നിർദ്ദേശപ്രകാരം എല്ലാവരും അവരവരുടെ വീട്ടിൽ പുറത്തിറങ്ങാതെയിരുന്നു. ബന്ധുക്കളായെത്തിയവരെയും പുറത്തു നിന്നു വന്നവരെയും പറഞ്ഞയച്ചു. ഇതിനിടെ ചാത്തനേറെന്ന പ്രചാരണം വന്നതിനാൽ പ്രദേശത്തെ തലമുതിർന്ന ആളായ കൃഷ്ണൻകുട്ടി വൈകിട്ട് ആൽത്തറയിൽ വിളക്കു തെളിയിച്ച് പ്രാർഥിക്കുകയും ചെയ്തു. അതിനു ശേഷവും സമീപത്തുള്ള സനലിന്റെ വീടിനു മുകളിൽ രണ്ടു കല്ലുകൾ വന്നു വീണു. ഈ കല്ലുകളും ആൽത്തറയിൽ കൊണ്ടു വച്ച് കുടുംബാംഗങ്ങൾ പ്രാർഥിച്ചുവത്രെ. എന്തായാലും ഇന്നലെ കല്ലുമഴ ഉണ്ടായില്ലെന്നാണ് വിവരം.

Related Articles

Latest Articles