Saturday, April 27, 2024
spot_img

ഇത് നിരോധനത്തിന്റെ ആദ്യപടി; പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടക്കുന്നത് രാജ്യവ്യാപക റെയ്‌ഡുകൾ, അറസ്റ്റിലായത് 100 ഓളം നേതാക്കൾ, സംഘടനക്കെതിരെ കേന്ദ്രം, കടുത്ത നടപടിക്കെന്ന് സൂചന

ദില്ലി: എൻഐഎ ഇന്ന് പുലർച്ചെ മുതൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 100 ഓളം പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, കേരളം, അസം, കർണാടക, തമിഴ്നാട് എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഓരോസംസ്ഥാനത്തിലെയും നിരവധി സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേർന്ന് പരിശോധന നടത്തിയത്.ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധന.

എൻഐഎ മാസങ്ങളായി രാജ്യമെമ്പാടുമുള്ള പോപ്പുലർ ഫ്രണ്ട് സംഘടനകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. ഇവർ നടത്തുന്ന പണമിടപാടുകൾ, തീവ്രവാദ ഫണ്ടിംഗ്, ഭീകരവാദ പ്രവർത്തനങ്ങൾക്കായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയവ പിന്തുടരുകയും കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനമുടനീളമുള്ള വിവിധ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും . പിന്നീട് ദില്ലിയിലെ ഓഫീസിലേക്ക് മാറ്റുമെന്നുമാണ് ലഭിക്കുന്ന വിവരം.

200 ലധികം എൻഐഎ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലെ അംഗങ്ങളുമാണ് തിരച്ചിൽ നടത്തുന്നത്. പലയിടത്തു നിന്നും നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. പിഎഫ്‌ഐ ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം കസ്റ്റഡിയിൽ എടുത്തത്.

തമിഴ്‌നാട്ടിലെ മധുര, തേനി, ഡിണ്ടിഗൽ, രാമനാഥപുരം, കടലൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. പിഎഫ്‌ഐയുടെ കടലൂർ ജില്ലാ നേതാവ് പ്യാസ് അഹമ്മദ്, മധുര ജില്ലാ സെക്രട്ടറി യാസർ അറാഫത്ത് എന്നിവരെ എൻഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്.

Related Articles

Latest Articles