Friday, May 17, 2024
spot_img

ഛായാമുഖീ………നിന്നെ നോക്കിയ ഒരാൾക്കെങ്കിലും സന്തോഷം ഉണ്ടായിട്ടുണ്ടോ?

ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഏറ്റവും പ്രിയപ്പെട്ടവരുടെ പ്രതിബിംബം കാണിക്കുന്ന മായക്കണ്ണാടി | CHAYAMUKHI

മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്. ഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്ന ആളുടെ മുഖമാണതിൽ തെളിഞ്ഞു വരിക. കാനനവാസ കാലത്താണ് ഭീമസേനൻ ഹിഡുംബിയെ കാണുന്നതും, ഇരുവരും അടുക്കുന്നതും. ഹിഡുംബിയാണ് തന്റെ കയ്യിലുള്ള ഛായാമുഖി ഭീമന് നല്കുന്നത്. ഭീമൻ അതിൽ നോക്കുമ്പോൾ അതിൽ തന്റെ രൂപം തെളിയുന്നത് കാണാൻ കൊതിച്ച ഹിഡുംബി കണ്ടത് ദ്രൗപദിയുടെ രൂപം ഛായാമുഖിയിൽ തെളിയുന്നതാണ്. ആകെ തകർന്നു പോയ അവൾ ഒരു വാക്ക് പറയാതെ കാട്ടിലേക്ക് ഓടി മറയുന്നു.

ഭീമൻ പിന്നീട് ഛായാമുഖി ദ്രൗപദിക്ക്‌ സമ്മാനിക്കുന്നു. പക്ഷേ ദ്രൗപദി അതിൽ നോക്കുമ്പോൾ തെളിഞ്ഞു വരുന്നത് യോദ്ധാവായ അർജ്ജുനന്റെ രൂപമാണ്. തന്റെ കൂടെയുള്ളപ്പോൾ പോലും ദ്രൗപദിയുടെ മനസ്സിൽ അർജ്ജുനനാണെന്ന യാഥാർത്ഥ്യം ഭീമനെ ചുഴറ്റിയടിക്കുന്നുണ്ട്. എന്നാൽ ദ്രൗപദിയോടുള്ള സ്നേഹത്തിന് ഒരു കുറവും ഭീമന്റെ ഹൃദയത്തിലുണ്ടാകുന്നില്ല, ഉണ്ടാവുകയുമില്ല- അദ്ദേഹത്തിന്റെ ശരീരം പോലെ തന്നെ ദൃഢമായിരുന്നു ദ്രൗപദിയോടുള്ള സ്നേഹവും .

പിന്നീട്‌ പാണ്ഡവർ വിരാട ദേശത്താണ് അജ്ഞാത വാസത്തിൽ കഴിയുന്നത്. അവിടെ ഭീമൻ പാചകക്കാരനായും ദ്രൗപദി രാജ്ഞിയുടെ തോഴിയുമായാണ് വേഷംമാറുന്നത്. ഒരിക്കൽ ദ്രൗപദിയുടെ കയ്യിലുള്ള ഛായാമുഖി രാജ്ഞി കാണുന്നു. അവർ അതിൽ നോക്കുമ്പോൾ ജരാനരകൾ ബാധിച്ച രാജാവിന്റെ മുഖമല്ല, പകരം ആരോഗ്യദൃഢഗാത്രനായ ഒരു സൈനികന്റെ മുഖമാണ് തെളിഞ്ഞു വരുന്നുത്.

പാണ്ഡവർ ഒളിവിൽ കഴിയുന്ന വിരാട ദേശത്തിന്റെ സൈന്യാധിപനാണ് രാജ്ഞിയുടെ സഹോദരനായ കീചകൻ. വിരാട ദേശത്തെ പല സ്ത്രീകളെയും അയാൾ വശീകരിച്ചു വരുതിയിലാക്കി. കീചകന്റെ ദൃഷ്ടി ദ്രൗപദിയുടെ സൗന്ദര്യത്തിൽ ഒരുനാൾ പതിക്കുന്നു. എന്നാൽ മറ്റാരിൽ നിന്നുമുണ്ടാകാത്ത ചെറുത്തുനിൽപ്പ് ദ്രൗപദിയിൽ നിന്നുണ്ടാകുന്നു.

ഛായാമുഖിയുടെ രഹസ്യം രാജ്ഞിയിൽ നിന്നും കീചകൻ അറിയുന്നു. ദ്രൗപദിയിൽ നിന്നും അത് വാങ്ങി നോക്കുമ്പോൾ പക്ഷേ ഛായാമുഖിയിൽ ആരുടെ മുഖവും തെളിയുന്നില്ല. അയാൾക്കതൊരു തിരിച്ചറിവാണ് – താൻ ഇത്രനാളും പ്രാപിച്ച സുന്ദരികളോടൊന്നും തനിക്ക് പ്രണയമുണ്ടായിരുന്നില്ല, മറിച്ച് അവരുടെ ശരീരത്തിനോടുള്ള വെറും കാമം മാത്രമായിരുന്നു അയാൾക്കെന്ന തിരിച്ചറിവ്… ഇന്നും പല പ്രണയങ്ങളും വെറും ആകർഷണം മാത്രമാകുമ്പോളാണ് കാലാന്തരത്തിൽ വെറുപ്പും ഒഴുവാക്കലും ഒക്കെയായി ഭവിക്കുന്നത്.

Related Articles

Latest Articles