Friday, May 17, 2024
spot_img

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവ പ്രതിഭ! ആസ്റ്റന്‍വില്ല യുവതാരത്തെ ടീമില്‍ എത്തിച്ച്‌ ചെല്‍സി

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവ പ്രതിഭകളില്‍ ഒരാളായി കണക്കാക്കുന്ന കാര്‍നെ ചുകുവെമേകയെ ടീമില്‍ എത്തിച്ച്‌ ചെല്‍സി. ആസ്റ്റന്‍വില്ലയുമായിട്ടുള്ള കരാറിന്റെ അവസാന വര്‍ഷത്തിലേക്ക് കടന്ന താരത്തിന് തുടര്‍ന്നും ടീമില്‍ തുടരാന്‍ സന്നദ്ധനല്ലായിരുന്നു.

ടീമിന്റെ പ്രീ സീസണ്‍ ഒരുക്കങ്ങളില്‍ നിന്നും താരത്തെ ടീം മാറ്റി നിര്‍ത്തിയിരുന്നു. പതിനഞ്ചു മില്യണ്‍ പൗണ്ടിന്റെ കൈമാറ്റ തുകക്ക് പുറമെ അഞ്ച് മില്യണ്‍ ആഡ്-ഓണുകളും അടക്കം ആകെ ഇരുപത് മില്യണ്‍ പൗണ്ടിനാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ആറു വര്‍ഷത്തെ നീണ്ട കരാറിലാണ് ചെല്‍സിയും ചുകുവെമേകയും എത്തിയത്. പതിനെട്ടുകാരനായ യുവപ്രതിഭയെ 2028 വരെ ടീമില്‍ നിലനിര്‍ത്താന്‍ ചെൽസിക്ക് കഴിയും.

നേരത്തെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ എല്ലാവരും താരത്തില്‍ നോട്ടമിട്ടിരുന്നു.മധ്യനിരയില്‍ കളി നിയന്ത്രിക്കാനും ഗോളുകള്‍ കണ്ടെത്താനും കഴിയുന്ന താരമാണ്. 2021ല്‍ ടോട്ടനത്തിനെതിരെയാണ് ആദ്യമായി സീനിയര്‍ ടീം കുപ്പായമണിയുന്നത്. ആസ്റ്റണ്‍വില്ലക്കായി കഴിഞ്ഞ സീസണില്‍ പതിനൊന്ന് ലീഗ് മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.താരത്തിന് വേണ്ടി ബാഴ്‌സലോണ നീക്കങ്ങള്‍ ആരംഭിച്ചതായി സൂചനകള്‍ ഉണ്ടായിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളെ ടീമില്‍ എത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷം ടീം ഉടമസ്ഥന്‍ ബോയെഹ്ലി പങ്കുവെച്ചു.

 

Related Articles

Latest Articles