Thursday, May 2, 2024
spot_img

ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ കൂടിയാലോചന നടക്കാത്തത് അഭിമാനത്തെ ബാധിച്ചു: മന്ത്രി സഭായോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് മുഖ്യമന്ത്രിയുടെ വക കളിയാക്കലും: നെഞ്ചുവേദന വന്ന ഭക്ഷ്യമന്ത്രി ആശുപത്രിയിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു.ഓഫീസിലേക്ക് കത്തുകൊടുത്തുവിട്ടപ്പോൾ തന്നെ ചാനലിൽ വാർത്ത വന്നതിന്റെ ഉത്തരവാദിത്വം മന്ത്രിക്കുതന്നെയാണെന്ന് ആരോപിച്ചായിരുന്നു വിമർശനം. വകുപ്പിനോട് ആലോചിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോയിൽ നിയമിച്ചതിൽ ചീഫ് സെക്രട്ടറിയെ മന്ത്രി ജി.ആർ. അനിലും വിമർശിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ വാക്കുതർക്കത്തിലായി. ഇതിന് പിന്നാലെയാണ് മന്ത്രി ജി ആർ അനിലിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.മന്ത്രിയുടെ അസുഖത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല. ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും. എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് വകുപ്പ് മന്ത്രിയായ തന്നോടു ചോദിക്കാതെയാണെന്ന് മന്ത്രിസഭാ യോഗത്തിൽ ജി.ആർ. അനിൽ പരാതിപ്പെട്ടത്. വകുപ്പ് മന്ത്രിയോട് അഭിപ്രായം ചോദിക്കാതെയുള്ള നിയമനങ്ങൾ പതിവാകുന്നുണ്ടെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

എന്നാൽ, സിവിൽ സപ്ലൈസ് കോർപറേഷനിൽ ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ മറുപടി. മന്ത്രിസഭാ യോഗം പോലുള്ള വേദിയിൽ തെറ്റായ കാര്യം പറയരുതെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. സംശയകരമായ വ്യക്തിത്വമുള്ള ഉദ്യോഗസ്ഥരെ നേരത്തെയും തന്റെ വകുപ്പിൽ നിയമിച്ചത് ചൂണ്ടിക്കാട്ടി ജി.ആർ. അനിൽ വിമർശനം കടുപ്പിച്ചു.

ഇതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, നിയമനങ്ങൾ ആലോചിച്ച് വേണമെന്ന കാര്യത്തിൽ മന്ത്രിയെ പിന്തുണച്ചു. സാധാരണ എല്ലാക്കാര്യങ്ങളും ആലോചിച്ച് ചെയ്യുന്നയാളാണ് ചീഫ് സെക്രട്ടറി. മുൻപത്തെക്കാളും നന്നായി അത് നടക്കുന്നുണ്ടെന്നും ആദ്യമായി മന്ത്രിയായതുകൊണ്ടാകും ജി.ആർ. അനിലിന് അത് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ ഭക്ഷ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്ന വാർത്ത പുറത്തുവന്നത് ചൂണ്ടിക്കാടി മന്ത്രി ജി.ആർ. അനിലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തന്റെ ഓഫീസിലേക്ക് കത്തുകൊടുത്തുവിട്ടപ്പോൾ തന്നെ ചാനലിൽ വാർത്തവന്നു. കത്ത് പൊട്ടിക്കുന്നതിന് മുമ്പ് തന്നെ വാർത്ത വരുന്നുണ്ടായിരുന്നു. അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് തന്നെ. അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.

 

Related Articles

Latest Articles