കൊച്ചി: കൊച്ചി തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടരവയസ്സുകാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. കുട്ടിയുടെ അമ്മയാണ് വിചിത്ര വാദം ഉന്നയിച്ച് രംഗത്തെത്തിയത്. നേരത്തെ പറഞ്ഞതുപോലെ മകളെ ആരും ഉപദ്രവിച്ചതല്ലെന്നാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് ആവർത്തിക്കുന്നത്.
അതേസമയം ടിജിൻ മകളെ അടിക്കുന്നതായി കണ്ടിട്ടില്ല. മകൾക്ക് പ്രായത്തിന് അനുസരിച്ചുള്ള കുസൃതികൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് നാളായി കുട്ടിയുടെ പെരുമാറ്റം അസാധാരണമായിരുന്നു എന്ന് അമ്മ പറയുന്നു.
”മകൾ പലതവണ ജനലിന്റെ മുകളിൽ നിന്ന് ചാടി മുറിവുണ്ടാക്കാറുണ്ട്. ഇതേതുടർന്ന് ഉണ്ടാകുന്ന മുറിവുകളുടെ മുകളിൽ മകൾ വീണ്ടും മുറിവുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ അപ്പോൾ ഒന്നും കുട്ടിയെ മർദ്ദിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. തുടർന്ന് കുന്തിരിക്കം കത്തിച്ച് വെച്ചതിലേക്ക് വീണതോടെയാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റത്. പല ദിവസങ്ങളിൽ ഉണ്ടായ പരിക്ക് കാരണമാകാം കുട്ടിക്ക് പനി ബാധിച്ചത്. പനി കൂടിയതോടെ അവൾ അപസ്മാര ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി’ കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും 48 മണിക്കൂർ നേരത്തെ നിരീക്ഷണം തുടരും. കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായാൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൈകുന്നേരത്തോടെ ട്യൂബ് വഴി കുട്ടിക്ക് ദ്രവരൂപത്തിൽ ഭക്ഷണം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

