Thursday, May 16, 2024
spot_img

‘എനിക്ക് പഠിക്കണം’; കല്യാണം വേണ്ട സഹായിക്കണമെന്ന് കുട്ടി; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ

കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളിയുടെ പ്രദേശത്താണ് സംഭവം. മാതാപിതാക്കളറിയാതെ പെണ്‍കുട്ടി തന്നെയാണ് തന്റെ വിവാഹം നടത്താൻ പോകുന്ന വിവരം അധികൃതരെ അറിയിച്ചത്. ഉടൻ തന്നെ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥർ ബേപ്പൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.

പ്ലസ് വൺ വിദ്യാർത്ഥിയാണ് പെൺകുട്ടി. പഠിക്കാൻ സമ്മതിക്കാതെ വിവാഹം കഴിപ്പിക്കാനൊരുങ്ങിയതോടെയാണ് ചൈൽഡ് ലൈനെ കുട്ടി ബന്ധപ്പെട്ടത്. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം എന്നതാണ് കുട്ടിയുടെ ആഗ്രഹം. വിവാഹത്തിന് സമ്മതമല്ലെന്നും, സഹായിക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥർ കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ചടങ്ങ് തടയുകയുമായിരുന്നു.

ജില്ലാ കലക്ടർ, സബ് കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫീസർ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ബേപ്പൂർ പോലീസ്, ജുവനൈൽ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. തുടർന്ന് പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്.

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഇത്തരം വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Related Articles

Latest Articles