Monday, October 12, 2026

‘ഇത് തീ കൊണ്ടുള്ള കളി !’ തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ചൈന

ബീജിങ്: തായ്‌വാന് സൈനിക സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ചൈന. അമേരിക്കയുടെ തീരുമാനം തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.തായ്‌വാന് മേലുള്ള തങ്ങളുടെ പരമാധികാരവും സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിന് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും ഉൾപ്പെടെ തായ്‌വാന് 571.3 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കാനുള്ള കരാറിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡന്‍ ഒപ്പ് വെച്ചത്. ഇതിനൊപ്പം 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധസംവിധാനങ്ങളും വില്‍പനയും ബൈഡന്‍ അംഗീകരിച്ചു. കഴിഞ്ഞ സെപ്തംബറില്‍ 567 ദശലക്ഷം ഡോളറിന്റെ സൈനിക സഹായത്തിന് ബൈഡന്‍ അംഗീകാരം നല്‍കിയതിന് പുറമേയാണ് പുതിയ സഹായം

സ്വയംഭരണ പ്രദേശമാണെങ്കിലും തായ്‌വാന്‍ തങ്ങളുടെ അധികാരപരിധിയിലുള്ള മേഖലയായിട്ടാണ് ചൈന കണക്കാക്കുന്നത്. തായ്‌വാനരികില്‍ സൈനിക ശക്തിപ്രകടനം നടത്തിക്കൊണ്ടാണ് പലപ്പോഴും ചൈന അവരുടെ അവകാശം പ്രകടിപ്പിച്ചിട്ടുള്ളത്. ചൈന ആക്രമണത്തിന് മുതിരുകയാണെങ്കിൽ നടത്തുകയാണെങ്കില്‍ സ്വയം പ്രതിരോധത്തിനും പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്‌വാന് സൈനികസഹായം നല്‍കുന്നത്.

Related Articles

Latest Articles