Thursday, May 16, 2024
spot_img

ഗവേഷണ കപ്പലിൽ ഹൃദയാഘാതം സംഭവിച്ച ചൈനീസ് പൗരന് നൽകിയ സഹായ ഹസ്തത്തിന് ഇന്ത്യയെ നന്ദി അറിയിച്ച് ചൈന; സന്ദേശം ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ രോഗിയെ എയർ ലിഫ്റ്റ് ചെയ്‌ത്‌ ഇന്ത്യൻ കോസ്റ്റ് ഗാർഡ്; ആഴക്കടലിൽ അർദ്ധരാത്രിയിൽ നടന്ന സാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഉൾക്കടലിലെ കപ്പലിൽ നിന്ന് ചൈനീസ് പൗരനെ മുംബൈയിലെത്തിച്ച് അടിയന്തിര വൈദ്യസഹായം നൽകി രക്ഷിച്ച കോസ്റ്റ് ഗാർഡിനും ഇന്ത്യക്കും ഔദ്യോഗികമായി നന്ദി പറഞ്ഞ് ചൈന. അറബിക്കടലിൽ മുംബൈ തീരത്തുനിന്ന് 200 കിലോമീറ്റർ അകലെ ഉണ്ടായിരുന്ന ചൈനയുടെ ഗവേഷണ കപ്പലിൽ നിന്ന് ചൈനീസ് പൗരനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. ആഗസ്റ്റ് 16 അർദ്ധരാത്രിയായിരുന്നു സംഭവം. മുബൈയിലെ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെന്ററിനാണ് അടിയന്തിര വൈദ്യസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കപ്പൽ അധികൃതരുടെ സന്ദേശം എത്തുന്നത്. എം വി ഡോങ് ഫാങ് കാൻ ടാൻ നമ്പർ 02 എന്ന ഗവേഷണ കപ്പലിലെ യിൻ വെജിയാങ്‌ എന്ന ചൈനീസ് പൗരനാണ് ആഴക്കടലിൽ വച്ച് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മോശം കാലാവസ്ഥയും ഇരുട്ടും അവഗണിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.

കോസ്റ്റ് ഗാർഡിന്റെ CG ALH MK 03 ഹെലികോപ്റ്ററിൽ കപ്പലിൽ നിന്ന് അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്യുകയും പ്രഥമ ശുശ്രുഷ നൽകി കൂടുതൽ ചികിത്സക്കായി കപ്പലിന്റെ ഏജന്റിന് കൈമാറിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു. അർദ്ധരാത്രി ആഴക്കടലിൽ നടന്ന അതിസാഹസിക രക്ഷാപ്രവർത്തനത്തിന് വീഡിയോ കോസ്റ്റ് ഗാർഡ് ട്വിറ്ററിൽ പങ്കുവച്ചു. രോഗി അപകടനില തരണം ചെയ്തു.

Related Articles

Latest Articles